മുംബൈ: ലഖ്നോ ബാറ്റെടുത്ത ആദ്യ ഇന്നിങ്സിൽ ശിവം മാവി എറിഞ്ഞ 19ാം ഓവർ വരെ കളി കൊൽക്കത്തൻ നായകന്റെ കണക്കുകൂട്ടലുകൾക്കൊപ്പമായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണും റണ്ണെടുക്കാൻ ബാറ്റർമാർ പ്രയാസപ്പെട്ടും മുന്നോട്ടുനീങ്ങിയ ലഖ്നോ ഇന്നിങ്സ് പക്ഷേ, ആ ഒറ്റ ഓവറിൽ ഗിയർ മാറ്റിപ്പിടിച്ചു.
ആദ്യം സ്റ്റോയ്നിസും അതുകഴിഞ്ഞ് ജാസൺ ഹോൾഡറും ചേർന്ന് ആറു പന്തുകളിൽ അടിച്ചുകൂട്ടിയത് അഞ്ചു കൂറ്റൻ സിക്സ്- 30 റൺസ്. ലഖ്നോ ബാറ്റുകൊണ്ട് തുടങ്ങിയത് ഒടുവിൽ പന്തെടുത്ത് പൂർത്തിയാക്കിയപ്പോൾ കൊൽക്കത്ത 101 റൺസിന് എല്ലാവരും പുറത്ത്. 75 റൺസിനായിരുന്നു ലഖ്നോ വിജയം. സ്കോർ ലഖ്നോ 176/7, കൊൽക്കത്ത 101ന് എല്ലാവരും പുറത്ത്.
ഇടവേളക്കു ശേഷം ലഖ്നോ നിരയിൽ ക്വിൻൺ ഡി കോക്ക് ഫോം കണ്ടെത്തിയ ദിനമായിരുന്നു ശനിയാഴ്ച. ഓപണറായി എത്തി അർധ സെഞ്ച്വറി തൊട്ട ഡി കോക്ക് അനായാസം റണ്ണെടുത്ത് ടീമിനെ നയിച്ചപ്പോൾ കെ.എൽ രാഹുൽ ഒറ്റ റൺ ചേർക്കുംമുമ്പ് വെറുതെ റണ്ണൗട്ടായി മടങ്ങി. മൂന്നാമനായി എത്തിയ ദീപക് ഹൂഡ ഡി കോക്കിന് മികച്ച കൂട്ടു നൽകി. ടീം സ്കോർ 73ൽ നിൽക്കെ നരെയ്ന് വിക്കറ്റ് സമ്മാനിച്ച് ദക്ഷിണാഫ്രിക്കൻ താരം പവലിയനിലെത്തി.
പിന്നാലെ ഇറങ്ങിയ ക്രുനാൽ പാണ്ഡ്യക്കൊപ്പം കരുത്തോടെ കളിച്ച ഹൂഡ 27 പന്ത് നേരിട്ട് 41 റൺസ് അടിച്ചു. കൂറ്റൻ അടികൾക്ക് ബാറ്റർമാർ മടിച്ചപ്പോൾ വേഗവും താളവും നഷ്ടമായ ലഖ്നോ ഇന്നിങ്സ് ഉഴറിയെങ്കിലും അവസാനം തിരിച്ചുപിടിച്ചാണ് ജയത്തിലേക്ക് ആദ്യ ചുവടുവെച്ചത്.
മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത അടപടലം പൊട്ടി. റസ്സൽ 45 റൺസ് നേടിയതൊഴിച്ചാൽ മറ്റെല്ലാവരും ബാറ്റിങ്ങിൽ ദുരന്തമായി. ഏഴുപേരാണ് രണ്ടക്കം കാണാതെ മടങ്ങിയത്. അതിൽ മൂന്നുപേർ സംപൂജ്യരും. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാനും ജാസൺ ഹോൾഡറുമാണ് കൊൽക്കത്തയുടെ നട്ടെല്ലൊടിച്ചത്.
മുഹ്സിൻ ഖാൻ, ചമീര, ബിഷ്‍ണോയ് എന്നിവർ ഓരോ വിക്കറ്റും പിഴുതു. ജയത്തോടെ ലഖ്നോ പോയിന്റ് നിലയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.