ലഖ്നോ: ഐ.പി.എല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡൽഹി കാപിറ്റൽസിനെതിരെ 50 റൺസിന്റെ മിന്നും ജയം നേടി ലഖ്നോ സൂപ്പർ ജയന്റ്സ്. ലഖ്നോ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അഞ്ച് വിക്കറ്റുമായി പേസ് ബോളര്‍ മാര്‍ക്ക് വുഡാണ് ലഖ്നോവിന്റെ വിജയം എളുപ്പമാക്കിയത്. നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയാണ് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.
ടോസ് നേടിയ ഡൽഹി നായകൻ ഡേവിഡ് വാർണർ ഫീൽഡിങ് തിരഞ്ഞെടുത്തതോടെ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ആറു വിക്കറ്റിനാണ് 193 റൺസ് അടിച്ചത്. ഏഴു സിക്സും രണ്ടു ഫോറുമടക്കം 38 പന്തിൽ 73 റൺസ് സ്കോർ ചെയ്ത ഓപണർ കൈൽ മയേഴ്സാണ് ടോപ് സ്കോറർ. നികോളാസ് പുരാൻ 21 പന്തിൽ 36 റൺസ് നേടി.
മറുപടി ബാറ്റിങ്ങിൽ ഡൽഹി ബാറ്റിങ് നിര വിയർക്കുന്ന കാഴ്ചയായിരുന്നു. നായകൻ വാർണർ (48 പന്തിൽ 56), റിലീ റോസോ (20 പന്തിൽ 30) എന്നിവരൊഴിച്ച് ബാക്കിയെല്ലാവരും പരാജയമായി.
ടോസ് നഷ്ടമായി ബാറ്റേന്തേണ്ടി വന്ന ലഖ്നോ തുടക്കം മുതലേ തകർത്തടിയായിരുന്നു. 12 പന്തിൽ എട്ടു റൺസ് മാത്രം ചേർത്ത ഓപണറും നായകനുമായ കെ.എൽ. രാഹുലിനെ നാലാം ഓവറിൽ നഷ്ടമായെങ്കിലും ദീപക് ഹൂഡയെ കാഴ്ചക്കാരനാക്കി മയേഴ്സ് തകർത്തടിച്ചു. 18 പന്തിൽ 17 റൺസെടുത്ത ഹൂഡ പുറത്താവുമ്പോൾ സ്കോർ 11 ഓവറിൽ രണ്ടിന് 98. തൊട്ടടുത്ത ഓവറിൽ മയേഴ്സിനെ അക്സർ പട്ടേൽ ബൗൾഡാക്കി. 10 പന്തിൽ 12 റൺസ് നേടിയ മാർകസ് സ്റ്റോയ്നിസ് 15ാം ഓവറിൽ പുറത്താവുമ്പോൾ സ്കോർ നാലിന് 117. മറുഭാഗത്ത് പുരാൻ നടത്തിയ വെടിക്കെട്ടും പിന്നാലെ ആയുഷ് ബദോനിയുടെ (7 പന്തിൽ 18) ഉഗ്രനടികളുമാണ് ലഖ്നോയെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ക്രുനാൽ പാണ്ഡ്യ 13 പന്തിൽ 15 റൺസുമായി പുറത്താവാതെ നിന്നു. അവസാന പന്തിനുവേണ്ടി ഇറങ്ങിയ കൃഷ്ണപ്പ ഗൗതം സിക്സർ പറത്തിയാണ് സ്കോർ 193ലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.