ട്വന്റി20 ലോകകപ്പ് കളിക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരാൾ പോലും ഇല്ലാതെ ഐ.പി.എൽ ഫൈനൽ!

ചെന്നൈ: ഐ.പി.എല്ലിൽനിന്ന് രാജസ്ഥാൻ റോയൽസ് കൂടി പുറത്തായതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ, ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ സംഘത്തിലെ ഒരാൾ പോലും കളിക്കില്ലെന്ന് ഉറപ്പായി. റിസർവ് ലിസ്റ്റിലുള്ള റിങ്കു സിങ് കൊൽക്കത്തയ്ക്കായി കളത്തിലിറങ്ങുമെങ്കിലും പ്രധാന ടീമിലെ ഒരാൾ പോലും ഫൈനലിലെത്തിയ ടീമുകളിൽ ഇല്ലെന്നത് ശ്രദ്ധേയമായി. ഇതോടെ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വന്‍റി20 താരങ്ങളില്ലാതെയാവും ഞായറാഴ്ച സൺറൈസേഴ്സ് - നൈറ്റ് റൈഡേഴ്സ് കലാശപ്പോരിന് ചെപ്പോക്ക് സ്റ്റേഡിയം വേദിയാവുക.

രാജസ്ഥാൻ താരങ്ങളായ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, യുസ്വേന്ദ്ര ചഹൽ എന്നിവർ ലോകകപ്പിനുള്ള ടീമിൽ ഉണ്ട്. പ്ലേഓഫിൽ പുറത്തായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിലെ രണ്ടു താരങ്ങളാണ് ലോകകപ്പ് സ്ക്വാഡിലുള്ളത്. സൂപ്പർ താരം വിരാട് കോഹ്‌ലിയും പേസർ മുഹമ്മദ് സിറാജും ടീമിന്റെ ഭാഗമാണ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യൻസിന്റെ നാല് താരങ്ങളാണ് ലോകകപ്പ് ടീമിൽ ഇടം നേടിയത്. കാപ്റ്റൻ രോഹിത് ശർമ, വൈസ് കാപ്റ്റൻ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നീ മുംബൈ താരങ്ങളാണ് ടീമിലുള്ളത്. ഡൽഹി കാപിറ്റൽസിന്റെ മൂന്നു താരങ്ങളും ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടു താരങ്ങളും ലോകകപ്പിനുള്ള ടീമിലുണ്ട്.

ലോകകപ്പിനുള്ള ഇന്ത്യൻ സംഘം: രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. (റിസർവ് താരങ്ങൾ - ശുഭ്മൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ). ജൂൺ ഒന്ന് മുതൽ വെസ്റ്റ് ഇൻഡീസിലും യു.എസിലുമായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

അതേസമയം, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാനെ 36 റൺസിന് തകർത്താണ് ഹൈദരാബാദ് ഫൈനലിൽ പ്രവേശിച്ചത്. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ ഇന്നിങ്സ് 139ൽ അവസാനിച്ചു. 18 റൺസ് നേടുകയും രാജസ്ഥാന്റെ മൂന്ന് ബാറ്റർമാരെ കൂടാരം കയറ്റുകയും ചെയ്ത ഷഹബാസ് അഹമ്മദാണ് കളിയിലെ താരം. അർധ സെഞ്ചറി നേടിയ ധ്രുവ് ജുറേൽ (35 പന്തിൽ 56*), ഓപ്പണർ യശസ്വി ജയ്സ്വാൾ (21 പന്തിൽ 42) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

Tags:    
News Summary - IPL 2024 final will not feature a single player from Team India's 15-member T20 World Cup 2024 squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.