സീസണിലെ ആദ്യ ജയം തേടിയിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് പഞ്ചാബ് കിങ്സിനെ 21 റൺസിന്റെ തകർത്തു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഏറ്റവും പിറകിലുള്ള എൽ.എസ്.ജിക്ക് ഇന്നത്തെ വിജയം ആശ്വാസമായി. ലക്നൗ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ് 178ൽ അവസാനിക്കുകയായിരുന്നു. അരങ്ങേറ്റക്കാരൻ മായങ്ക് യാദവാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. മൂന്ന് വിക്കറ്റുകളാണ് താരം പിഴുതത്.
നേരത്തെ എട്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലഖ്നൗ 199 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കം ലഭിച്ച പഞ്ചാബിന് തുടർച്ചയായി വിക്കറ്റുകൾ വീണതാണ് തിരിച്ചടിയായത്. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാനാണ് (70) പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തിൽ 3 സിക്സും 7 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
പഞ്ചാബിന്റെ ഓപണിങ് കൂട്ടുകെട്ടായ ധവാനും ബെയർസ്റ്റോയും ഒന്നാം വിക്കറ്റിൽ 11.4 ഓവറിൽ 102 റൺസായിരുന്നു കൂട്ടിച്ചേർത്തത്. മായങ്ക് യാദവായിരുന്നു ഈ കൂട്ടുകെട്ട് പൊളിച്ചത്. 29 പന്തുകളിൽ 42 റൺസ് നേടിയ ബെയർസ്റ്റോയെ പുറത്താക്കിയ താരം അടുത്ത ഓവറുകളിൽ പ്രഭ്സിമ്രാൻ സിങ്ങിനെയും (19) ജിതേഷ് ശർമയെയും (6) പുറത്താക്കുകയും ചെയ്തു.
ലയാം ലിവിങ്സ്റ്റൻ (17 പന്തിൽ 28) അവസാന ഓവറുകളിൽ പഞ്ചാബിന് വേണ്ടി ആഞ്ഞടിച്ചെങ്കിലും ഫലമുണ്ടായില്ല. 4 ഓവറിൽ 27 റൺസ് വഴങ്ങിയാണ് മായങ്ക് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്. മൊഹ്സിൻ ഖാൻ 2 വിക്കറ്റുകളും നേടി.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഓപണർ ക്വിന്റൺ ഡി കോക്ക് (38 പന്തിൽ 54), നിക്കോളാസ് പുരാൻ (21 പന്തിൽ 42), ക്രുണാൽ പാണ്ഡ്യ (22 പന്തിൽ 43 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങാണ് ലഖ്നോക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. പഞ്ചാബിനായി സാം കറൻ മൂന്നും അർഷ്ദീപ് സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.