മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ കാർണിവലായ ഐ.പി.എല്ലിന്റെ 15ാം സീസണിനുള്ള കാഹളം മുഴങ്ങിക്കഴിഞ്ഞു. മെഗാ താരലേലം ആരംഭിച്ചിട്ടില്ലെങ്കിലും പല ടീമുകളും കളിക്കാരെ പാളയത്തിലെത്തിച്ചും നായകരായി അവരോധിച്ചും രംഗം കൊഴുപ്പിക്കുകയാണ്. 1214 താരങ്ങളാണ് മെഗാ താരലേലത്തിന് അടിസ്ഥാന വില പ്രഖ്യാപിച്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 270 താരങ്ങൾ വിവിധ രാജ്യങ്ങൾക്കായി കളിക്കുന്നവരാണ്.
സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം കിട്ടാത്ത 903 കളിക്കാർ രജിസ്റ്റർ ചെയ്തവരിലുണ്ട്. ഇതിൽ 318 പേർ വിദേശ താരങ്ങളാണ്. 896 പേർ ഇന്ത്യക്കാരും. ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിലാണ് മെഗാ താരലേലം. അടിസ്ഥാന വില പ്രഖ്യാപിച്ച് രജിസ്റ്റർ ചെയ്ത താരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയാവും ടീം ഉടമകൾക്കു നൽകുക. ഇതിൽ നിന്നാണ് ലേലം നടക്കുക.
എന്തായാലും, ഇക്കുറി പുതിയ രണ്ട് ടീമുകൾ കൂടി ഉണ്ടാകുമെന്നുറപ്പിച്ചു കഴിഞ്ഞു. ലഖ്നോവും അഹമ്മദാബാദുമാണ് ആ ടീമുകൾ. താരങ്ങൾ അടിസ്ഥാന വില പ്രഖ്യാപിച്ച് മെഗാ ലേലത്തിന് പങ്കെടുക്കാൻ കച്ച മുറുക്കിത്തുടങ്ങുമ്പോഴേക്കും ഇന്ത്യയുടെ മുൻനിര താരങ്ങളെ നായകനായി ഇരു ടീമുകളും പ്രഖ്യാപിച്ചിരിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ഏകദിന ടീമിന്റെ നായകനും ഓപണിങ്ങ് ബാറ്ററുമായ ലോകേഷ് രാഹുലാണ് ലഖ്നോ ടീമിന്റെ നായകൻ. പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും വലക്കുന്ന വെടിക്കെട്ട് ബാറ്ററും ബൗളറുമായ ഹാർദിക് പാണ്ഡ്യയാണ് അഹമ്മദാബാദിന്റെ നായകൻ. 17 കോടി എറിഞ്ഞാണ് ലഖ്നോ രാഹുലിനെ ടീമിലേക്ക് വലവീശിപ്പിടിച്ചതും നായകനാക്കിയതും. 15 കോടിക്കാണ് ഹാർദിക്കിനെ അഹമ്മദാബാദ് പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണിലെ റൺവേട്ടക്കാരിൽ മൂന്നാമനായിരുന്നു പഞ്ചാബ് കിങ്സിന്റെ നായകനായിരുന്ന രാഹുൽ.
താരങ്ങളിട്ട ഏറ്റവും ഉയർന്ന അടിസ്ഥാന വില രണ്ടു കോടിയാണ്. 49 താരങ്ങളാണ് രണ്ടു കോടി വില പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ ഫോം മങ്ങിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് താരം ഡേവിഡ് വാർണറും ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ, പേസർ മുഹമ്മദ് ഷമി, ശിഖർ ധവാൻ, റോബിൻ ഉത്തപ്പ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവരും രണ്ടു കോടി വിലയിട്ടിട്ടുണ്ട്. പാറ്റ് കമ്മിൻസ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ആദിൽ റഷീദ്, ജെയ്സൻ റോയ്, ഫാഫ് ഡുപ്ലസി, ഡ്വെയിൻ ബ്രാവോ, ക്വിന്റൻ ഡികോക്ക് തുടങ്ങിയ വിദേശ താരങ്ങളും രണ്ടു കോടിയാണ് വിലയിട്ടിരിക്കുന്നത്. അമിത് മിശ്ര, ഇഷാന്ത് ശർമ, വാഷിങ്ടൺ സുന്ദർ എന്നീ ഇന്ത്യക്കാർ ഒന്നര കോടിയാണ് വിലയിട്ടത്. ഒയിൻ മോർഗൻ, ജോണി ബെയർസ്റ്റോ, നിക്കോളാസ് പുരാൻ, ആരോൺ ഫിഞ്ച് തുടങ്ങിയ വിദേശ താരങ്ങളും ഒന്നര കോടി വിലയിട്ടു. മനീഷ് പാണ്ഡെ, പ്രസിദ്ധ് കൃഷ്ണ, ടി. നടരാജൻ, അജിൻക്യ രഹാനെ, നിതീഷ് റാണ, വൃദ്ധിമാൻ സാഹ, കേദാർ ജാദവ്, കുൽദീപ് യാദവ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ വിലയിട്ടത് ഒരു കോടി രൂപയാണ്. മിച്ചൽ സാന്റ്നർ, മുഹമ്മദ് നബി, എയ്ഡൻ മർക്രം തുടങ്ങിയ വിദേശ താരങ്ങളും ഒരു കോടിക്കാരാണ്.
വിവാദങ്ങളുടെ കാർമേഘം നീങ്ങി കളിക്കളത്തിലേക്ക് തിരിച്ചുവന്ന മലയാളി താരം എസ്. ശ്രീശാന്തും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 50 ലക്ഷം അടിസ്ഥാന വിലയിട്ടാണ് ശ്രീശാന്ത് ഐ.പി.എല്ലിലേക്ക് മടങ്ങിവരവിന് ശ്രമിക്കുന്നത്. അതേസമയം, കഴിഞ്ഞ സീസണിൽ ഏറ്റവും തിളങ്ങിയ താരങ്ങളായ ആവേശ് ഖാനും ഷാരൂഖ് ഖാനും മിനിമം തുകയായ 20 ലക്ഷമാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 5.25 കോടിക്കാണ് ഷാരൂഖിനെ പഞ്ചാബ് സ്വന്തമാക്കിയത്.
ഓരോ ഐ.പി.എൽ സീസണിലും കാണികളെ ആവേശത്തിലാറാടിച്ചിരുന്നത് വെസ്റ്റിൻഡീസ് വെടിക്കെട്ട് വീരൻ ക്രിസ് ഗെയിലിന്റെ അഴിഞ്ഞാട്ടമായിരുന്നു. പക്ഷേ, ഗെയിൽ ഇനി ഐ.പി.എല്ലിന് ഉണ്ടാവില്ല എന്നുറപ്പിച്ചുകഴിഞ്ഞു.
ഈ സീസണിലെ ഏറ്റവും വലിയ നഷ്ടവും ഗെയിലിന്റെ അഭാവമാണ്. ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്സ്, ജോഫ്ര ആർച്ചർ, സാം കറൻ, ക്രിസ് വോക്സ് ഓസീസ് പേസർ മിച്ചൽ സ്റ്റാർക് തുടങ്ങിയവർ ഇക്കുറി ലേലത്തിനില്ല.
ലോക ക്രിക്കറ്റിലെ മുഖ്യ ലീഗ് മത്സരമായി മാറിക്കഴിഞ്ഞ ഐ.പി.എല്ലിന്റെ മെഗാ താരലേലത്തിൽ പങ്കെടുക്കാൻ ഇക്കുറി താരങ്ങൾ അഫ്ഗാനിസ്താനിൽ നിന്നും യു.എസിൽ നിന്നും വരെ എത്തുന്നുണ്ട്. ഒമാൻ, യു.എ.ഇ, ഭൂട്ടാൻ, നേപ്പാൾ, നമീബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുപോലും താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 20 അഫ്ഗാൻ താരങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യു.എസിൽനിന്ന് 14 കളിക്കാർ രജിസ്റ്റർ ചെയ്തു. 59 താരങ്ങൾ രജിസ്റ്റർ ചെയ്ത ആസ്ട്രേലിയയാണ് ഏറ്റവും കൂടുതൽ താരങ്ങൾ എത്തുന്ന വിദേശരാജ്യം. തൊട്ടുപിന്നിൽ ദക്ഷിണാഫ്രിക്ക (48)യാണ്. വെസ്റ്റിൻഡീസിൽ നിന്ന് 41ഉം ശ്രീലങ്കയിൽനിന്ന് 36 ഉം ഇംഗ്ലണ്ടിൽ നിന്ന് 30 ഉം പേരുണ്ട്. ഒമാനിൽ നിന്ന് മൂന്നുപേർ. നേപ്പാളിൽ നിന്ന് 15 പേരാണ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.