ന്യൂഡൽഹി: ഇതുവരെ ഇന്ത്യൻ ടീമിനായി കളിക്കളത്തിൽ ഇറങ്ങാൻ കഴിഞ്ഞിട്ടില്ല. വൈകാതെ ഇന്ത്യൻ തൊപ്പി തലയിലേറ്റാമെന്ന പ്രത്യാശയിലുമാണിവർ. എന്നാലെന്താ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15ാം സീസണിലെ താരലേലം ഔദ്യോഗികമായി തുടങ്ങുന്നതിനു മുമ്പേ തന്നെ അവരിൽ പലരും കോടീശ്വരന്മാരായി ഓരോ ടീമിന്റെയും ഭാഗമായിക്കഴിഞ്ഞു.
ഐ.പി.എൽ 15ാം സീസന്റെ താരലേലം ഇന്നും നാളെയുമായി ബംഗളൂരുവിൽ നടക്കും. അതിനു മുമ്പുതന്നെ ഓരോ ടീമുകളുടെയും ഭാഗമായി കഴിഞ്ഞ ഈ യുവതാരങ്ങളുടെ മിന്നുന്ന പ്രകടനത്തിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ.
കഴിഞ്ഞ സീസണിലടക്കം മിന്നൽ പ്രകടനം കാഴ്ചവെച്ച അഞ്ച് ഇന്ത്യൻ താരങ്ങളെയാണ് കോടികൾ എറിഞ്ഞ് ടീമുകൾ നിലനിർത്തിയത്.
1. അർഷ്ദീപ് സിങ്
ഇടൈങ്കയൻ മീഡിയം പേസർ അർഷ്ദീപ് സിങ് വൈകാതെ ഇന്ത്യൻ ടീമിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ്. നാല് കോടിക്കാണ് അർഷ്ദീപിനെ പഞ്ചാബ് കിങ്സ് നിലനിർത്തിയത്.
23 കളികളിൽ നിന്ന് 30 ഐ.പി.എൽ വിക്കറ്റുകൾ സ്വന്തമാക്കിയ അർഷ്ദീപായിരുന്നു കഴിഞ്ഞ സീസണിൽ പഞ്ചാബിന്റെ ബൗളിങ്ങിൽ മുന്നിൽ. 12 കളികളിൽ നിന്ന് 18 വിക്കറ്റായിരുന്നു ഈ 23കാരന്റെ കഴിഞ്ഞ സീസണിലെ വിക്കറ്റു വേട്ട.
2. യശസ്വി ജെയ്സ്വാൾ
രാജസ്ഥാൻ റോയൽസ് നാല് കോടിക്ക് നിലനിർത്തിയ ഇടൈങ്കയൻ ഓപണിങ് ബാറ്റർ. ലോകകപ്പ് നേടിയ അണ്ടർ 19 ടീമിലെ പ്രകടനത്തിലൂടെ ഐ.പി.എല്ലിന്റെയും താരമായി. 2020ൽ
2.4 കോടിക്ക് ടീമിലെത്തി. 13 മത്സരങ്ങളിൽ നിന്ന് 289 റൺസാണ് ഇതുവരെ യശസ്വിയുടെ നേട്ടം. കഴിഞ്ഞ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 249 റൺസാണ് ഈ 20കാരൻ സ്വന്തമാക്കിയത്. ഭാവിയിലെ ഇന്ത്യൻ ടീമംഗമാകാനും ഏറെ സാധ്യതയുള്ള താരം.
3. ഉംറാൻ മാലിക്
നെറ്റ് ബൗളറായി സൺറൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിയ ഉംറാൻ മാലിക്കിന് കഴിഞ്ഞ സീസന്റെ അവസാനത്തെ മൂന്നു മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്.
പക്ഷേ, 153 കിലോ മീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ഞെട്ടിച്ച ഈ കശ്മീരുകാരനെ നാല് കോടിക്കാണ് സൺറൈസേഴ്സ് നിലനിർത്തിയത്. വേഗത്തിനൊപ്പം കൂടുതൽ കൃത്യതയുള്ള ഉംറാനെയാവും ഇക്കുറി കളിക്കളത്തിൽ കാണുക. മൂന്നു മത്സരങ്ങളിൽ നിന്ന് വെറും രണ്ടു വിക്കറ്റ് മാത്രമെ നേടിയിട്ടുള്ളൂവെങ്കിലും വൻ പ്രതീക്ഷയാണ് ഈ 22കാരനിൽ ഹൈദരാബാദ് കരുതിവെച്ചിരിക്കുന്നത്.
4. അബ്ദുൽ സമദ്
ഓപണർ ഡേവിഡ് വാർണറെപോലും റിലീസ് ചെയ്ത സൺറൈസേഴ്സ് അബ്ദുസമദിദെന്ന കശ്മീർകാരൻ ബാറ്ററെ നാലു കോടിക്ക് നിലനിർത്തിയത് എന്തുകൊണ്ടായിരിക്കും..? അസാധ്യമായ ആംഗിളുകളിൽ അയാൾ ഉതിർക്കുന്ന സ്ട്രോക് പ്ലേ തന്നെയാണ് ഈ 20കാരനെ ടീമിൽ നിലനിർത്താൻ കാരണം. 2020 സീസണിൽ വെറും 20 ലക്ഷത്തിന് ടീമിലെത്തിയ സമദിന് ഇപ്പോൾ കോടികളായി വില. 23 മത്സരങ്ങളിൽനിന്ന് 222 റൺസ് നേടിയ സമദ് രണ്ടു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
5, രവി ബിഷ്ണോയി
2018ൽ അണ്ടർ 19 ലോക കപ്പ് നേടാൻ ഇന്ത്യൻ ടീമിന് തുണയായതിൽ രവി ബിഷ്ണോയി എന്ന ലെഗ് സ്പിന്നറുടെ കറങ്ങുന്ന പന്തുകൾക്ക് വലിയ പങ്കുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു ഈ രാജസ്ഥാൻകാരൻ. രണ്ടു കോടിക്ക് ടീമിലെത്തിയ ബിഷ്ണോയിയെ പഞ്ചാബ് റിലീസ് ചെയ്തപ്പോൾ നാലു കോടിക്ക് സ്വന്തമാക്കിയത് പുതിയ ടീമായ ലഖ്നോ സൂപ്പർ ജയന്റ്സാണ്. 23 കളികളിൽ നിന്ന് 24 വിക്കറ്റാണ് ഈ 21കാരന്റെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.