മഴക്കളിയേറ്റില്ല: ഗുജറാത്തിനെ തകർത്ത് ചെന്നൈക്ക് അഞ്ചാം ഐ.പി.എൽ കിരീടം

അഹമ്മദാബാദ്: തുടർച്ചയായ രണ്ടാം കിരീടം സ്വപ്നം കണ്ടിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസിനെ അവരുടെ ഹോംഗ്രൗണ്ടായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റിന് തകർത്തുവിട്ട് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐ.പി.എൽ കിരീടം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഹർദിക് പാണ്ഡ്യയും സംഘവും 20 ഓവറുകളിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 214 റൺസ്. കനത്ത മഴ കാരണം റിസർവ് ദിനത്തിലേക്ക് മാറ്റിയ ഐ.പി.എൽ ഫൈനലിൽ വീണ്ടും മഴ കളിച്ചതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയ ലക്ഷ്യം മഴ നിയമപ്രകാരം 15 ഓവറിൽ 171 റൺസാക്കി ചുരുക്കിയിരുന്നു.

അവസാന പന്തുവരെ നീണ്ട ആവേശപ്പോരിൽ രവീന്ദ്ര ജദേജയാണ് ( ആറ് പന്തുകളിൽ 15) സിഎസ്കെ-ക്കായി വിജയ റൺ നേടിയത്. അവസാന രണ്ട് പന്തുകളിൽ വേണ്ടത് പത്ത് റൺസ്. അപകടകാരിയായ മോഹിത് ശര്‍മയുടെ പന്തുകളില്‍ സിക്‌സും ഫോറുമടിച്ചാണ് ജദേജ ചെന്നൈക്ക് ചരിത്ര വിജയം സമ്മാനിച്ചത്. ശിവം ധുബേ 21 പന്തുകളിൽ 32 റൺസുമായി മികച്ച പിന്തുണ നൽകി.

മികച്ച തുടക്കമാണ് ചെന്നൈക്ക് ഓപണർമാരായ റുതുരാജും (16 പന്തിൽ 26) ഡിവോൺ കോൺവേയും (25 പന്തിൽ 47) നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ ചേർത്തത്  74 റൺസായിരുന്നു. എന്നാൽ, നൂർ മുഹമ്മദ് ഇരു താരങ്ങളെയും ഏഴാമത്തെ ഓവറിൽ പുറത്താക്കി. തുടർന്നെത്തിയ ശിവം ധുബേ അജിൻക്യ രഹാനെ (13 പന്തിൽ 27) എന്നിവർ ആഞ്ഞടിച്ചതോടെ സ്കോർ വീണ്ടും ചലിക്കാൻ തുടങ്ങി.

എന്നാൽ രണ്ടാം ക്വാളിഫയറിൽ മുംബൈയെ തകർത്തെറിഞ്ഞ മോഹിത് ശർമ വീണ്ടും ആളിക്കത്തിയതോടെ ചെന്നൈയുടെ വിക്കറ്റുകൾ ഒരോന്നായി വീണു. രഹാനെ, അമ്പാട്ടി റായിഡു (എട്ട് പന്തുകളിൽ 19) സംപൂജ്യനായി എം.എസ് ധോണി എന്നിവരെ മോഹിത് ശർമ പുറത്താക്കി. എന്നാൽ, ധു​ബേയും രവീന്ദ്ര ജദേജയും ചേർന്ന് ചെന്നൈക്ക് വേണ്ടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

സെഞ്ച്വറിയുടെ നാല് റൺസ് അകലെ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങിയ സായ് സുദർശന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 47 പന്തുകളിൽ ആറ് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഓപണർമാരായ വൃദ്ധിമാൻ സാഹയും (54) ശുഭ്മാൻ ഗില്ലും (39) ചേർന്നായിരുന്നു ആതിഥേയർക്ക് ഗംഭീര തുടക്കം നൽകിയത്. അഞ്ചാമനായി ഇറങ്ങിയ റാഷിദ് ഖാൻ റൺസൊന്നും എടുക്കാതെ മടങ്ങി. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 21 റൺസെടുത്ത് പുറത്താകാതെ നിന്നു.

Tags:    
News Summary - Chennai Super Kings won by 5 wkts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.