കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഒരു റൺസിന് തോൽപ്പിച്ചതോടെ പ്ലേഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ലഖ്നൗ സൂപ്പർ ജയന്റ്സ്. വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി (33 പന്തില്‍ 67) റിങ്കുസിങ് നടത്തിയ ഒറ്റയാൾ പോരാട്ടം അവസാന പന്തുവരെ നീണ്ടെങ്കിലും ജയം മാത്രം കൊൽക്കത്തക്ക് എത്തിപ്പിടിക്കാനായില്ല. 6 ഫോറും 4 സിക്‌സുമടങ്ങുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിങ്സ്. ലഖ്‌നൗവിനോട് തോറ്റതോടെ കെ.കെ.ആര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ എട്ട് വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സടിച്ചപ്പോള്‍ കെ.കെ.ആറിന്റെ മറുപടി ഇന്നിങ്സ് ഏഴ് വിക്കറ്റിന് 175 റണ്‍സിൽ അവസാനിച്ചു. 28 പന്തുകളിൽ 45 റൺസുമായി ജേസൺ റോയും 15 പന്തുകളിൽ 24 റൺസുമായി വെങ്കിടേഷ് അയ്യരും കൊൽക്കത്തക്ക് മികച്ച തുടക്കം നൽകിയിരുന്നു. ഇരുവരും പോയതോടെ തുടരെ വിക്കറ്റുകൾ പോകുന്ന കാഴ്ചയായിരുന്നു. അഞ്ച് ബാറ്റർമാരാണ് രണ്ടക്കം കാണാതെ പോയത്. ലഖ്‌നൗവിന് വേണ്ടി രവി ബിഷ്‌നോയ്, യാഷ് ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യയും കൃഷ്ണപ്പ ഗൗതമും ഒരോ വിക്കറ്റും വീഴ്ത്തി.
ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സും സിഎസ്‌കെയുമാണ് ഏറ്റുമുട്ടുന്നത്. അതേസമയം, എലിമിനേറ്ററില്‍ ലഖ്‌നൗവിന്റെ എതിരാളിയെ നാളെ അറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.