ഡബ്ലിൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും അട്ടിമറി ദിനം. അയർലൻഡാണ് കരുത്തരായ ദക്ഷിണാഫ്രിക്കെയ 43 റൺസിന് തോൽപിച്ചത്. ഏകദിനത്തിൽ ആദ്യമായാണ് അയർലൻഡ് ദക്ഷിണാഫ്രിക്കയെ തോൽപിക്കുന്നത്.
സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച നായകൻ ആൻഡി ബാൽബിറിനാണ് ടീമിന്‍റെ വിജയ ശിൽപി. ഏകദിനത്തിൽ ബാൽബിറിന്‍റെ ഏഴാം സെഞ്ച്വറി മികവിൽ അയർലൻഡ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 290 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 247ന് പുറത്തായി.
ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അയർലൻഡ് 1-0ത്തിന് മുന്നിലെത്തി. ഞായറാഴ്ച നടക്കേണ്ടിയിരുന്ന കളി മഴമൂലം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ചയാണ് അടുത്ത മത്സരം. ജയത്തോടെ 2023ൽ ഇന്ത്യയിൽ നടക്കേണ്ട ലോകകപ്പിന് യോഗ്യത നേടിക്കൊടുക്കുന്ന വേൾഡ് കപ്പ് സൂപ്പർലീഗിൽ അയർലൻഡിന് 10 പോയിന്‍റ് ലഭിച്ചു.
ബാൽബിറിനൊപ്പം ഹാരി ടെക്ടറും (68 പന്തിൽ 79) ജോർജ് ഡോക്റെലും (45) ഐറിഷ് പടക്കായി തിളങ്ങി. ദക്ഷിണാഫ്രക്കൻ നിരയിൽ ജാനിമാൻ മലാനും (84) റാസി വാൻഡർ ഡസനും (49) പിടിച്ചുനിന്നു. 290ന് മുകളിലുള്ള റൺസ് പിന്തുടർന്ന് തുടർച്ചയായ 10ാം ഏകദിനമാണ് ദക്ഷിണാഫ്രിക്ക തോൽക്കുന്നത്.
ഏകദിനത്തിൽ അയർലൻഡ് ഇംഗ്ലണ്ടിനെ രണ്ടു തവണ തോൽപിച്ചിട്ടുണ്ട്. പാകിസ്താൻ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നീ ടീമുകളോട് അവർ ഓരോ പ്രാവശ്യം ജയിച്ചു. ആസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കെതിരെയാണ് അവർക്ക് ജയമില്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.