സംഭവബഹുലമായിരുന്നു ഐ.പി.എല്ലിൽ വെള്ളിയാഴ്ച നടന്ന രാജസ്ഥാൻ റോയൽസ് - ഡൽഹി ക്യാപിറ്റൽസ് മത്സരം. ജോസ് ബട്ട്ലറുടെ സീസണിലെ മൂന്നാം സെഞ്ച്വറി, അവസാന ഓവറിലെ നോബാൾ വിവാദം എന്നിവയെല്ലാം കളിയെ വേറിട്ടതാക്കി. മത്സരത്തിൽ 15 റൺസിന് രാജസ്ഥാൻ ജയിച്ചെങ്കിലും നോ ബാൾ വിവാദം അതിന്റെ നിറംകെടുത്തുന്നതായിരുന്നു.
അവസാന ഓവറിൽ ഡൽഹി ക്യാപിറ്റൽസിന് ജയിക്കാൻ 36 റൺസ് വേണമായിരുന്നു. ഒബെദ് മക്കോയ് ആണ് പന്തെറിയാനെത്തിയത്. ക്രീസിലുണ്ടായിരുന്നത് വെസ്റ്റ് ഇൻഡീസിന്റെ തന്നെ റോവ്മാൻ പവലും.
ആദ്യ മൂന്ന് പന്തുകളിൽ മൂന്ന് ഗംഭീര സിക്സറുകൾ പറത്തി ഡൽഹി ക്യാമ്പിലേക്ക് പവൽ ഊർജം തിരികെ കൊണ്ടുവന്നു. അതേസമയം, സിക്‌സർ പറത്തിയ മൂന്നാം പന്ത് നിലംതൊടാതെ ബാറ്ററുടെ അരക്കെട്ടിന് മുകളിലൂടെയാണ് വന്നതെങ്കിലും അമ്പയർമാർ അത് ശ്രദ്ധിച്ചില്ല.
ഇതിൽ ക്ഷുഭിതനായ ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്ത് നോ ബോൾ ആവശ്യപ്പെട്ടു. അജിത് അഗാർക്കർ, ഷെയ്ൻ വാട്‌സൺ, പ്രവീൺ ആംരെ എന്നിവരടങ്ങിയ ഡൽഹി ക്യാപിറ്റൽസ് ക്യാമ്പും നോ ബാൾ വിളിക്കാത്തതിൽ പ്രതിഷേധമുയർത്തി.
അമ്പയർ നോ ബാൾ വിളിക്കാത്തതിനാൽ ക്രീസിൽനിന്ന് ഡഗൗട്ടിലേക്ക് മടങ്ങാൻ പന്ത് റോവ്മാൻ പവലിനോടും കുൽദീപ് യാദവിനോടും ആവശ്യപ്പെട്ടു. ഈ സമയം ഡൽഹി ക്യാപിറ്റൽസ് അസിസ്റ്റന്റ് കോച്ച് പ്രവീൺ ആംരെ ഓൺ ഫീൽഡ് അമ്പയർമാരോട് സംസാരിക്കാൻ മൈതാനത്തേക്ക് ഓടിയെങ്കിലും അവർ നോബോൾ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഈ സമയം കാണികളും 'നോ ബാൾ-നോ ബാൾ' എന്ന് ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ കളി വീണ്ടും തുടർന്നു. നാലാം പന്തിൽ പവലിന് റൺസെന്നും എടുക്കാനായില്ല. അടുത്ത പന്തിൽ രണ്ട് റൺസ്. അവസാന പന്തിൽ പവൽ ഉയർത്തിയടിച്ചത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ കൈപിടിയിലൊതുക്കി.
രാജസ്ഥാൻ റോയൽസിന്റെ അഞ്ചാം വിജയമാണിത്. ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
മത്സരം അവസാനിച്ചെങ്കിലും നോബാൾ വിവാദം അടങ്ങിയിട്ടില്ല. ആ പന്ത് വ്യക്തമായ നോ ബാൾ ആണെന്ന് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ട്വിറ്ററിൽ കുറിച്ചു.
മെരിലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) നിയമം 41.7.1 അനുസരിച്ച്, 'ക്രീസിൽ നിവർന്നുനിൽക്കുന്ന സ്‌ട്രൈക്കറുടെ അരക്കെട്ടിന് മുകളിലൂടെ പിച്ച് ചെയ്യാതെ കടന്നുപോയതോ കടന്നുപോകുന്നതോ ആയ ഏതൊരു ഡെലിവറിയും നോ ബാൾ' ആണെന്നാണ്.
1787ൽ ഇംഗ്ലണ്ടിൽ സ്ഥാപിക്കപ്പെട്ട ക്രിക്കറ്റ് ക്ലബ്ബാണ് എം.സി.സി. ക്രിക്കറ്റിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം ഈ ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ളതാണ്. ക്രിക്കറ്റ് നിയമങ്ങളുടെ രൂപീകരണത്തിന് പ്രധാന പങ്ക് വഹിച്ചത് എം.സി.സിയാണ്. ക്രിക്കറ്റ് നിയമങ്ങൾക്ക് മാറ്റം വരുത്താനുള്ള അവകാശം ഇപ്പോൾ ഐ.സി.സിക്കാണെങ്കിലും. അതിന്റെ പകർപ്പവകാശം എം.സി.സിക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.