‘ഈ കളി മടുപ്പിക്കുന്നു’’- ഏകദിന ക്രിക്കറ്റിൽ വലിയ മാറ്റം വേണമെന്ന ആവശ്യവുമായി സചിൻ

സമീപകാലത്ത് ക്രിക്കറ്റ് മത്സരങ്ങളിൽ പലതും നിശ്ചിത സമയം കാത്തുനിൽക്കാതെ പാതിവഴിയിൽ അവസാനിച്ചുപോകുന്നത് പതിവാണ്. ​ആവേശം പരകോടിയിലെത്തേണ്ട ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലിൽ മൂന്നു ടെസ്റ്റുകളും രണ്ടര ദിവസത്തിനുള്ളിൽ അവസാനിച്ചുപോയിരുന്നു. അഞ്ചു ദിവസമെടുക്കേണ്ട മത്സരങ്ങളാണ് പകുതി സമയം മാത്രമെടുത്ത് തീരുമാനമുണ്ടാക്കിയത്. പിച്ചാണ് വില്ലനെന്ന് പരാതി ഉയർന്നു. എന്നാൽ, ഒരേ സ്വഭാവത്തിലുള്ള പിച്ചില​ല്ല കളിക്കേണ്ടതെന്നും ഏതുതരം വിക്കറ്റിലും കളി നയിക്കാൻ താരങ്ങൾക്കാകണമെന്നും മാസ്റ്റർ ബ്ലാസ്റ്റർ സചിൻ ടെണ്ടുൽക്കർ പറയുന്നു. ‘‘ഒരു കാര്യം നാം അറിയണം. ടെസ്റ്റ് ക്രിക്കറ്റെന്നാൽ, ദിവസങ്ങളുടെ എണ്ണത്തെക്കാൾ മത്സരത്തിന്റെ സ്വഭാവമാണ് ആവേശം പകരേണ്ടത്. നാം ക്രിക്കറ്റർമാർ ഏതുതരം പിച്ചിലും കളി​ക്കാനറിയേണ്ടവരാണ്. ബൗൺസുള്ളതാകാം. ​ഫാസ്റ്റ് ട്രാക്കാകാം. പതി​യെ ആകാം. കുത്തിത്തിരിയുന്നതുമാകാം. പന്തുകളിലുമുണ്ടാകും മാറ്റം’’- സചിന്റെ വാക്കുകൾ ഇങ്ങനെ. ടെസ്റ്റ് ക്രിക്കറ്റിനെ കൂടുതൽ ദൃശ്യാനുഭൂതിയുള്ളതാക്കാൻ ഐ.സി.സിയും എം.സി.സിയും പുതിയ രീതികൾ ആലോചിക്കുമ്പോൾ മൂന്നു ദിവസത്തിനകം കളി അവസാനിക്കുന്നതിൽ പരിഭവപ്പെടാനില്ലെന്നും താരം അഭിപ്രായപ്പെടുന്നു. പേസർമാർ ബൗളിങ് തുടങ്ങുന്നതിന് പകരം സ്പിന്നർമാർ ന്യൂബോളുമായി എത്തുന്നതും പരീക്ഷിക്കാവുന്നതാണെന്ന് താരം പറയുന്നു.

അതേ സമയം, ഏകദിന ക്രിക്കറ്റ് കൂടുതൽ മടുപ്പിക്കുന്നതാകുകയാണെന്നും സചിന് അഭിപ്രായമുണ്ട്. ‘‘നിസ്സംശയം ഏകദിന മത്സരങ്ങൾ മടുപ്പിക്കുന്നതാകുകയാണ്. രണ്ടുണ്ട് കാരണങ്ങൾ. ഒന്ന്, നിലവിലെ രീതിയാണ് വില്ലൻ. അതുപ്രകാരം ഒരു ഇന്നിങ്സിൽ രണ്ടു പന്ത് ഉപയോഗിക്കുന്നു. രണ്ടു പന്ത് നൽകുന്നതോടെ റിവേഴ്സ് സ്വിങ്ങിനെയാണ് ഇല്ലാതാക്കുന്നത്. കളി 40ാം ഓവറിലെത്തുമ്പോഴും ഒരു പന്ത് 20ാം ഓവറാണ് കളിക്കുന്നത്. 30ാം ഓവർ എത്തുമ്പോഴേ ഏതു പന്തും റിവേഴ്സ് സ്വിങ് ചെയ്യൂ. രണ്ടു പന്ത് നൽകുന്നതിനാൽ അത് ഇല്ലാതാകുകയാണ്. നിലവിലെ രീതി ബൗളർമാർക്കു മേൽ അധിക ഭാരമാണ് ചുമത്തുന്നത്. കളി പ്രവചിക്കാനാവുന്നതായി മാറുകയാണ്’’- സചിന്റെ വാക്കുകൾ.

രവി ശാസ്ത്രി അഭിപ്രായപ്പെട്ട പോലെ 40 ഓവർ രീതിയെയും സചിൻ പിന്തുണക്കുന്നു. 50 ഓവർ രീതി നിലനിർത്തിയാലും ഓരോ 25 ഓവർ കഴിയുമ്പോഴും ടീമുകൾ പരസ്പരം ബാറ്റിങ്ങും ബൗളിങ്ങും മാറ്റണമെന്നും ടെണ്ടുൽക്കർ അഭിപ്രായപ്പെട്ടു. ഇതുവഴി ഇരു ടീമുകൾക്കും തുടക്കത്തിലും രണ്ടാം പകുതിയിലും ബാറ്റിങ്ങിന് അവസരം ലഭിക്കും’’.

കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ച മുറക്ക് ബൗളർമാർക്ക് ഉമിനീര് പുരട്ടുന്നതിനുള്ള വിലക്ക് എടുത്തുകളയണമെന്നും സചിൻ ആവശ്യപ്പെട്ടു.

‘‘ഞാൻ ഒരു മെഡിക്കൽ വിദഗ്ധനൊന്നുമല്ല. എന്നാലും, 100 വർഷമായി അനുവദിക്കപ്പെട്ട ഇത് തിരിച്ചുകൊണ്ടുവരണം. കോവിഡ് കാലത്തെ രണ്ടു വർഷം അതുപാടില്ലായിരിക്കാം. എന്നാൽ, നാം ആ കാലം പിന്നിട്ട സ്ഥിതിക്ക് ഇളവ് തിരിച്ചുകൊണ്ടുവരണം’’- താരം പറയുന്നു. 

Tags:    
News Summary - "It's Getting Boring": Sachin Tendulkar Suggests Drastic Rule Changes For ODI Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.