തുടർച്ചയായ മിന്നും പ്രകടനങ്ങളിലൂടെ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കുകയാണ്. ആസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പന്തിന്‍റെ സംഹാര താണ്ഡവം ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ആവർത്തിച്ചു. ഇതിന് പിന്നാലെ പന്തിനെ പുകഴ്ത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. പന്തിനെ ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി എം.എസ് ധോണിയോട് ഉപമിച്ചപ്പോൾ പാകിസ്താൻ മുൻ ക്യാപ്റ്റൻ ഇൻസിമാമുൽ ഹഖ് വീരേന്ദർ സെവാഗിനോടാണ് താരതമ്യപ്പെടുത്തിയത്.
ഇൻസിമാം ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞതിങ്ങനെ:''ഋഷഭ് പന്ത് വിസ്മയിപ്പിക്കുന്നു. സമ്മർദ്ദം പ്രശ്നമല്ലാത്ത ഒരു ബാറ്റ്സ്മാെന ഞാൻ ഏറെക്കാലത്തിന് ശേഷമാണ് കാണുന്നത്. 146 റൺസിന് ആറുവിക്കറ്റ് വീണാലും അദ്ദേഹം സ്വതസിദ്ധമായ രീതിയിൽ ഇന്നിങ്സ് പടുത്തുയർത്തുന്നു. എതിർ ടീമിന്‍റെ സ്കോറോ പിച്ചിൻെ സ്വഭാവമോ പരിഗണിക്കാതെ സ്വന്തം സ്ട്രോക്കുകൾ കളിക്കുന്നു. അദ്ദേഹം സ്പിന്നിനെതിരെയും പേസിനെതിരെയും ഒരു പോലെ മികച്ചവനാണ്. ഞാൻ അദ്ദേഹത്തിന്റെ കളികാണാൻ ഇഷ്ടപ്പെടുന്നു. സെവാഗ് ഇടംകൈയ്യനായി ബാറ്റ് ചെയ്യുന്നത് കാണുന്നപോലെയാണത്''.
2004ലെ ഇന്ത്യയുടെ പാകിസ്താൻ പര്യടന സമയത്ത് ഇൻസിമാമായിരുന്നു ആതിഥേയരെ നയിച്ചിരുന്നത്. സെവാഗിന്‍റെ മുൽത്താനിലെ സ്ഫോടനാത്മകമായ ട്രിപ്പിൾ സെഞ്ച്വറി പിറന്നത് ആ പരമ്പരയിലായിരുന്നു. സെവാഗിന്‍റെ സംഹാരതാണ്ഡവത്തിന് ഇൻസിമാം പലതവണ സാക്ഷിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.