അയർലൻഡിനെതിരെയുള്ള ട്വന്‍റി20 പരമ്പര ജയത്തോടെ ജസ്പ്രീത് ബുംറ സൂപ്പർതാരങ്ങളടങ്ങിയ എലീറ്റ് പട്ടികയിൽ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.
ആദ്യത്തെ രണ്ടു മത്സരങ്ങൾ ജയിച്ച് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് അവസാന മത്സരം കളിക്കാതെ തന്നെ ക്ലീൻ സ്വീപ്പുമായി മടങ്ങാനായി. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ ഇന്ത്യ, യുവനിരയുമായാണ് അയർലൻഡിലെത്തിയത്. പരിക്കുമാറി തിരിച്ചുവന്ന ബുംറയാണ് ടീം ഇന്ത്യയെ നയിച്ചത്.
രണ്ടു മത്സരങ്ങളിൽനിന്ന് നാല് വിക്കറ്റെടുത്ത് ബുംറ പരമ്പരയിലൂടെ വരവറിയിച്ചു. നായകനായി അരങ്ങേറ്റം കുറിച്ച പരമ്പരയിൽ തന്നെ പ്ലെയർ ഓഫ് സിരീസ് പുരസ്കാരം നേടാനും താരത്തിനായി. പരമ്പര ജയത്തോടെ വിരാട് കോഹ്ലി, രോഹിത് ശർമ, സുരേഷ് റെയ്ന, ഹാർദിക് പാണ്ഡ്യ എന്നിവർ ഉൾപ്പെടുന്ന എലീറ്റ് പട്ടികയിൽ ഇനി ബുംറയുടെ പേരുമുണ്ടാകും. നായക പദവിയിലിരുന്ന് പ്ലെയർ ഓഫ് സിരീസ് പുരസ്കാരം നേടിയ താരങ്ങൾ.
ട്വന്‍റി20യിൽ കോഹ്ലി മൂന്നു തവണയാണ് നായകനായി പ്ലെയർ ഓഫ് സിരീസ് പുരസ്കാരം നേടിയത്. കൂടാതെ, ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് സിരീസ് പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങളിൽ ബുംറ മൂന്നാമതെത്തി. രണ്ടാം തവണയാണ് താരം സിരീസ് പുരസ്കാരം നേടുന്നത്. ഏഴു തവണ പുരസ്കാരം നേടിയ കോഹ്ലി തന്നെയാണ് ഈ പട്ടികയിലും ഒന്നാമത്.
ട്വന്‍റി20യിൽ പ്ലെയർ ഓഫ് സിരീസ് പുരസ്കാരം നേടിയ ക്യാപ്റ്റന്മാർ
സുരേഷ് റെയ്ന -സിംബാബ്വെ (2010)
വിരാട് കോഹ്ലി -ശ്രീലങ്ക (2017)
വിരാട് കോഹ്ലി -വെസ്റ്റിൻഡീസ് (2019)
വിരാട് കോഹ്ലി -ഇംഗ്ലണ്ട് (2021)
രോഹിത് ശർമ -ന്യൂസിലാൻഡ് (2021)
ഹാർദിക് പാണ്ഡ്യ -ന്യൂസിലാൻഡ് (2023)
ജസ്പ്രീത് ബുംറ -അയർലൻഡ് (2023)
ട്വന്‍റി20യിൽ കൂടുതൽ പ്ലെയർ ഓഫ് സിരീസ് പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങൾ
വിരാട് കോഹ്ലി -ഏഴു തവണ
സൂര്യകുമാർ യാദവ്, ഭുവനേശ്വർ കുമാർ -മൂന്നു തവണ
ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, അക്സർ പട്ടേൽ -രണ്ടു തവണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.