മുംബൈ: ആസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിൽ രോഹിത് ശർമ അന്തിമ ഇലവനിൽ ഇല്ലാതെയാണ് ടീം ഇന്ത്യ കളിക്കാനിറങ്ങിയത്. താരത്തിന് ഇനി റെഡ് ബാൾ ക്രിക്കറ്റിൽ അവസരം നൽകിയിലേക്കില്ല അഭ്യൂഹങ്ങളും ശക്തമാണ്. ഇന്ത്യക്കിനി അഞ്ച് മാസങ്ങൾക്ക് ശേഷം മാത്രമേ ടെസ്റ്റ് മത്സരമുള്ളൂ എന്നതിലാണ് രോഹിത്തിന്റെ ‘ടെസ്റ്റ് ഇന്നിങ്സി’ന് വിരാമമായെന്ന റിപ്പോർട്ടുകൾ വന്നത്. അതിനിടെ, ഏകദിനത്തിലും താരത്തിന്റെ ക്യാപ്റ്റൻസി നഷ്ടമായേക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്.
ചാമ്പ്യൻസ് ട്രോഫിയിൽ ടീം ഇന്ത്യയെ നയിക്കാൻ ഹാർദിക് പാണ്ഡ്യ എത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി ഇക്കാര്യം പരിശോധിച്ചുവരികയാണ്. ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് കുട്ടിക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. സൂര്യകുമാർ യാദവാണ് നിലവിൽ ടി20 ക്യാപ്റ്റൻ. ടെസ്റ്റിൽ ജസ്പ്രീത് ബുംറയും പുതിയ സ്ഥിരം ക്യാപ്റ്റനായേക്കും. പെർത്ത് ടെസ്റ്റിലെ വിജയം ബുംറക്ക് ഈ സാധ്യത കൂട്ടുകയും ചെയ്തു. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ കൂടി അഭിപ്രായം പരിഗണിച്ചാകും ഏകദിനത്തിൽ രോഹിത് തന്നെ നയിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കുക.
നിലവിൽ ഏകദിനത്തിൽ ലോക രണ്ടാം നമ്പർ താരമാണ് രോഹിത്. എന്നാൽ സമീപകാല പ്രകടങ്ങളിൽ ആശാവഹമായ പ്രകടനം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. പരിശീലന സെഷനിൽ വേഗമേറിയ പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയതോടെയാണ് പിങ്ക് ടെസ്റ്റിൽനിന്ന് താരം മാറിനിന്നതെന്നും റിപ്പോർട്ടുണ്ട്. 37കാരനായ രോഹിത് ടീമിന് ബാധ്യതയാകുന്നുവെന്ന വിമർശനങ്ങൾക്കിടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഹാർദിക് ടീമിനെ നയിക്കാനെത്തുമെന്ന അഭ്യൂഹം ശക്തമാകുന്നത്. ക്യാപ്റ്റൻസിയുടെ ഭാരം ഒഴിവാക്കി രോഹിത്തിനെ ടീമിൽ നിലനിർത്താനുള്ള സാധ്യത പരിഗണിക്കുന്നുണ്ട്.
ട്വന്റി20 ഫോർമാറ്റിൽ ആരാകും രോഹിത്തിന്റെ പിൻഗാമിയെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിൽ, ഏകദിനത്തിൽ അത്തരം ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്ന് ക്രിക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ട്വന്റി20യിൽ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പേരുകളാണ് ചർച്ചകളിൽ നിറഞ്ഞുനിന്നത്. ഏകദിനത്തിൽ ഇതുവരെ ടീമിൽ ഇടമുറപ്പിക്കാൻ സൂര്യക്ക് സാധിക്കാത്തതിനാൽ, ഹാർദിക് തന്നെയാകും രോഹിത്തിന്റെ പിൻഗാമി. ഇടക്കാലത്ത് ടീമിനെ നയിച്ചു പരിചയമുള്ളതും ഹാർദിക്കിനു പ്ലസ് പോയിന്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.