അഞ്ചു മത്സരങ്ങളിൽ 542 റൺസെടുത്ത് ഒടുവിൽ ഔട്ട്! കരുൺ നായർക്ക് ലോക റെക്കോഡ്

വിസിയനഗരം (ആന്ധ്രപ്രദേശ്): അഞ്ച് മത്സരങ്ങളിൽ ആർക്കും പുറത്താക്കാനാകാതെ കരുൺ നായർ നേടിയത് 542 റൺസ്. ലിസ്റ്റ് എ മത്സരങ്ങളിൽ പുറത്താക്കാനാകാതെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന ലോകറെക്കോഡും കരുൺ സ്വന്തമാക്കി. യു.പിക്കെതിരായ വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കരുൺ നായരുടെ കുതിപ്പ് അവസാനിച്ചു.

ഈ മത്സരത്തിൽ 112 റൺസിന് കരുൺ പുറത്തായി. അടൽ ബിഹാരി റായിയാണ് പുറത്താക്കിയത്. 101 പന്തിൽ 11 ഫോറും രണ്ടു സിക്സുമുൾപ്പെടെയാണ് 112 റൺസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത യു.പി എട്ട് വിക്കറ്റിന് 307 റൺസ് നേടി. 47.2 ഒാവറിൽ വിദർഭ ലക്ഷ്യം കണ്ടു. വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് കളികളിൽ നാല് സെഞ്ച്വറികളാണ് കരുൺ നേടിയത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ 112*, 44*, 163*, 111* എന്നിങ്ങനെയായിരുന്നു സ്കോർ. അവസാന മത്സരത്തിൽ 112ന് പുറത്തായെങ്കിലും 527 റൺസ് നേടിയ ന്യൂസിലൻഡിന്റെ ജയിംസ് ഫ്രാങ്ക്ളിന്റെ പേരിലുള്ള റെക്കോഡാണ് തകർത്തത്. 527 റൺസായിരുന്നു പുറത്താകാതെ ഫ്രാങ്ക്ളിൻ നേടിയത്.

കർണാടക സ്വദേശിയായ കരുൺ നായർ കുറച്ചുകാലമായി ആഭ്യന്തര ക്രിക്കറ്റിൽ വിദർഭക്കായാണ് കളിക്കുന്നത്. നായകൻ കരുണിന്‍റെ തകർപ്പൻ ഫോമിൽ ഗ്രൂപ്പ് ഡിയിൽ 20 പോയന്റുമായി വിദർഭ ഒന്നാം സ്ഥാനത്താണ്. ജമ്മു കശ്മീരിനെതിരായ ആദ്യ മത്സരത്തിൽ വൺഡൗണായി ഇറങ്ങി സെഞ്ച്വറി നേടിയാണ് കരുൺ റൺവേട്ടക്കു തുടക്കമിട്ടത്. 108 പന്തിൽ നേടിയത് 17 ഫോറുകൾ സഹിതം 112 റൺസ്. അടുത്ത മത്സരത്തിൽ ഛത്തീസ്ഗഢിനെതിരെ പുറത്താകാതെ 44 റൺസെടുത്തു. മൂന്നാം മത്സരത്തിൽ ചണ്ഡിഗഡിനെതിരെ 107 പന്തിൽ 20 ഫോറും രണ്ടു സിക്സും സഹിതം കരുൺ പുറത്താകാതെ നേടിയത് 163 റൺസ്.

നാലാം മത്സരത്തിൽ കരുത്തരായ തമിഴ്നാടിനെതിരെയും കരുൺ സെഞ്ച്വറിയുമായി തിളങ്ങി. 103 പന്തിൽ 14 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ താരം 111 റൺസെടുത്തു. ഇതിനു പിന്നാലെയാണ് ഉത്തർപ്രദേശിനെതിരെ കരുൺ നായർ വീണ്ടും സെഞ്ച്വറിയുമായി തിളങ്ങിയത്. 101 പന്തിൽ 11 ഫോറും രണ്ടു സിക്സും സഹിതമാണ് കരുൺ 112 റൺസെടുത്തത്. വിജയത്തിലേക്ക് 17 റൺസ് മാത്രം വേണ്ട ഘട്ടത്തിലാണ് താരം പുറത്തായത്.

Tags:    
News Summary - India Star Scripts History, Registers World Record Ahead Of IPL 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.