മരണപ്പെട്ട ഇംഗ്ലീഷ് ക്രിക്കറ്റ് താരം ഗ്രഹാം തോർപ്പിന് നന്ദി പറഞ്ഞ് ഇംഗ്ലണ്ടിന്‍റെ സൂപ്പർ ബാറ്റർ ജോ റൂട്ട്. ഓഗസ്റ്റ് നാലാം തിയ്യതിയായിരുന്നു മാനസിക പ്രശ്നങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി തോർപ്പ് മരണപ്പെട്ടത്. 55-ാം വയസിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. 2013 മുതൽ 2021-22 ആഷസ് വരെ ഒരുപാട് തവണ ഇംഗ്ലണ്ടിന്‍റെ ബാറ്റിങ്-അസിസ്റ്റന്റ് കോച്ചായി തോർപ്പ് ചുമതലയേറ്റിരുന്നു. ഈ കാലയളവിൽ തന്‍റെ കരിയർ വളർത്തിയെടുക്കാൻ തോർപ്പ് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നാണ് റൂട്ട് പറയുന്നത്. അദ്ദേഹത്തെപോലെ ഒരാളില്ലായിരുന്നുവെങ്കിൽ തനിക്ക് ഇന്ന് കാണുന്ന കരിയുണ്ടാകില്ല എന്നും റൂട്ട് പറയുന്നു.
'ഗ്രഹാമുമായുള്ള എന്‍റെ ഒരുപാട് ഇടപെടലുകളും അദ്ദേഹത്തിന്‍റെ ഇൻഫ്ലുവെൻസുമെല്ലാം വന്നത് അദ്ദേഹം അസിസ്റ്റന്റ് കോച്ചായതിന് ശേഷമുള്ള കാലത്താണ്. ആദ്യമൊക്കെ ഇത്ര വലിയ മനുഷ്യനോട് സംസാരിക്കുക, കളിയെ പറ്റി ചർച്ച ചെയ്യുക എന്നൊക്കെ അത്ഭുതമായിരുന്നു. എന്നാൽ അടുത്ത 12 വർഷം ഞാൻ ഗ്രഹാമിനോട് വളരെ അടുത്ത് നിന്ന് പണിയെടുത്തു. അദ്ദേഹത്തിന്‍റെ ആ ഒരു പുഷും, പിന്തുണയുമില്ലായിരുന്നുവെങ്കിൽ എനിക്ക് ഇപ്പോഴുള്ള കരിയർ ചിലപ്പോൾ ഉണ്ടാകില്ലായിരുന്നു.
ഈ 12 വർഷം അദ്ദേഹം എന്നെ നന്നായി തന്നെ പരിഗണിച്ചിരുന്നു ഞാൻ പുരോഗമിക്കേണ്ടത് എവിടെയൊക്കെയാണെന്ന് ഞങ്ങൾ സംസാരിക്കുമായിരുന്നു. ഞാൻ മാത്രമല്ല, ആ സമയത്ത് കയറിവന്നവരെയെല്ലാം നോക്കു... ജോണി ബെയർസ്റ്റോ, ജേസൺ റോയ്, ജോസ് ബട്ട്ലർ, ജെയിംസ് വിൻസ്, സാം ബില്ലിങ്സ്. ബെൻ സ്റ്റോക്സിന്‍റെ ഉയർച്ചയിൽ അദ്ദേഹത്തിന് സുപ്രധാന പങ്കുണ്ട്. സബ്കോണ്ടിനെന്‍റിൽ ഞാൻ നേടിയ ഭൂരിഭാഗം റൺസും അദ്ദേഹം പഠിപ്പിച്ച ആദ്യ പാഠങ്ങൾ ഉൾക്കൊണ്ടാണ്,' റൂട്ട് പറഞ്ഞു.
2019 ഇംഗ്ലണ്ട് ലോകകപ്പ് നേടിയപ്പോൾ തോർപ്പ് ഇംഗ്ലണ്ടിന്‍റെ കോച്ചിങ് ടീമിന്‍റെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.