‘സഞ്ജുവിന് നീതി വേണം’; പിന്തുണയുമായി വീണ്ടും ശശി തരൂർ

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം പ്രതീക്ഷിക്കുന്ന മലയാളി താരവും ഐ.പി.എല്ലി​ൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് പിന്തുണയുമായി വീണ്ടും കോൺഗ്രസ് എം.പി ശശി തരൂർ. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ തകർപ്പൻ ഫോമിലുള്ള സഞ്ജുവിന്റെ പ്രകടനം വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് തരൂർ വാദിച്ചു. ഐ.സി.സി ടൂർണമെന്റുകളിൽ താരത്തെ തുടർച്ചയായി അവഗണിക്കുന്ന സെലക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തുവന്ന തരൂർ, വിക്കറ്റ് കീപ്പർ ബാറ്റർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിന്റെ എക്സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു. ‘യശസ്വി ജയ്‌സ്വാളിന്റെയും സഞ്ജു സാംസണിന്റെയും കാര്യത്തിൽ ഹർഭജൻ സിങ്ങിനോട് യോജിക്കുന്നതിൽ സന്തോഷമുണ്ട്. സഞ്ജുവിന് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് വർഷങ്ങളായി വാദിക്കുന്നു. ഇപ്പോൾ അദ്ദേഹം ഐ.പി.എല്ലിലെ മുൻനിര വിക്കറ്റ് കീപ്പർ-ബാറ്ററാണ്, പക്ഷെ ടീം ചർച്ച ചെയ്യപ്പെടുമ്പോഴും അവൻ ചർച്ചയിൽ വരുന്നില്ല. സഞ്ജുവിന് നീതി വേണം’ -തരൂർ എക്സിൽ കുറിച്ചു.

ആദ്യമായല്ല താരത്തിന് പിന്തുണയുമായി തരൂർ രംഗത്തെത്തുന്നത്. 2023ൽ 50 ഓവർ ലോകകപ്പിന് മുന്നോടിയായി സഞ്ജുവിന് അവസരം നൽകാത്ത സെലക്ടർമാരോട് തരൂർ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

​ഐ.പി.എല്ലിൽ എട്ട് മത്സരങ്ങളിൽ 314 റൺസ് നേടിയ സഞ്ജു നിലവിൽ റൺവേട്ടക്കാരിൽ അഞ്ചാമതാണ്. ലോകകപ്പിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉൾപ്പെ​ടുത്തണമെന്നും രോഹിത് ശർമക്ക് ശേഷം ട്വന്റി 20 നായകനാക്കണമെന്നും ഹർഭജൻ സിങ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ആസ്ട്രേലിയയുടെ മുൻ നായകൻ ആരോൺ ഫിഞ്ചും സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

‘സഞ്ജു ശരിക്കും പക്വതയുള്ള ഇന്നിങ്സാണ് കളിക്കുന്നത്, അതാണ് ടീമിന് വേണ്ടതും. ട്വന്റി 20 ക്രിക്കറ്റിന്‍റെ കാലത്ത്, ചിലപ്പോഴെങ്കിലും ബാറ്ററുടെ ഈഗോ ടീമിന്‍റെ ലക്ഷ്യത്തിന് തടസ്സമാവാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഓരോ സാഹചര്യത്തിലും ടീമിന് എന്താണോ വേണ്ടത് അതിന് അനുസരിച്ചാണ് സഞ്ജു കളിക്കുന്നത്’ -എന്നിങ്ങനെയായിരുന്നു ഫിഞ്ച് സ്റ്റാർ സ്​പോർട്സിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടത്.

Tags:    
News Summary - 'Justice for Sanju'; Shashi Tharoor again with support

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.