രക്ഷകനായി വീണ്ടും സചിൻ ബേബി (116*); കർണാടകക്കെതിരെ കേരളം ഭേദപ്പെട്ട നിലയിൽ; 224/6

തിരുവനന്തപുരം: മുൻ നായകൻ സചിൻ ബേബി ഒരിക്കൽ കൂടി ടീമിന്‍റെ രക്ഷകനായപ്പോൾ, രഞ്ജി ട്രോഫിയിൽ കർണാടകക്കെതിരെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറി കേരളം. ഒന്നാംദിനം കളി നിർത്തുമ്പോൾ കേരളം 90 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തിട്ടുണ്ട്.

സചിൻ ബേബി തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറിയുമായി തിളങ്ങിയതാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 116 റൺസെടുത്ത് സചിനും 31 റൺസുമായി ജലജ് സക്സേനയുമാണ് ക്രീസിൽ. ഏഴാം വിക്കറ്റിൽ ഇരുവരും ഇതുവരെ 50 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 204 പന്തിൽ 12 ഫോറും ഒരു സിക്സും അടക്കമാണ് സചിൻ കരിയറിലെ പത്താം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി തികച്ചത്.

272 പന്തുകളിൽനിന്നാണ് താരം 116 റൺസെടുത്തത്. 74 പന്തുകളിൽനിന്നാണ് അഞ്ച് ഫോറുകളടക്കം സക്സേന 31 റണ്‍സെടുത്തത്. നേരത്തെ, ആറു റൺസെടുക്കുന്നതിനിടെ കേരളത്തിന്‍റെ മൂന്നു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഓപ്പണർമാരായ പി. രാഹുൽ (രണ്ടു പന്തിൽ 0), രോഹൻ എസ്. കുന്നുമ്മൽ (അഞ്ച് പന്തിൽ അഞ്ച്), രോഹൻ പ്രേം (ഒൻപതു പന്തിൽ 0) എന്നിവർ വേഗത്തിൽ മടങ്ങി.

നാലാം വിക്കറ്റിൽ വത്സൽ ഗോവിന്ദും സചിൻ ബേബിയും പടുത്തുയർത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് കേരളത്തെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 257 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 120 റൺസാണ്. വത്സൽ ഗോവിന്ദ് 116 പന്തിൽ 46 റൺസുമായി മടങ്ങി. പിന്നാലെ ക്രീസിലെത്തിയ സൽമാൻ നിസാറും (ഒൻപതു പന്തിൽ 0) നിരാശപ്പെടുത്തി. ആറാം വിക്കറ്റിൽ സചിൻ ബേബി–അക്ഷയ് ചന്ദ്രൻ സഖ്യം 120 പന്തിൽ 46 റൺസ് കൂട്ടിച്ചേർത്തു.

59 പന്തുകളിൽനിന്ന് അക്ഷയ് ചന്ദ്രൻ ഒരു ഫോർ സഹിതം 17 റൺസെടുത്തു. കർണാടകക്കായി വി. കൗശിക്ക് നാലു വിക്കറ്റ് വീഴ്ത്തി. വൈശാഖ് വിജയ് കുമാർ, ശ്രേയസ് ഗോപാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. സർവീസസിനെതിരായ കഴിഞ്ഞ മത്സരത്തിൽ കേരളത്തെ തകർച്ചയിൽനിന്നു ജയത്തിലേക്കു നയിച്ചതും സചിൻ ബേബിയായിരുന്നു.

Tags:    
News Summary - Kerala in good condition against Karnataka; 224/6

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.