പിതാവിന്റെ മതപ്രചാരണ പരിപാടി; ക്രിക്കറ്റ് താരം ജമീമയുടെ അംഗത്വം റദ്ദാക്കി മുംബൈ ക്ലബ്

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം താരം ജമീമ റോഡ്രിഗസിന്റെ അംഗത്വം റദ്ദാക്കി മുംബൈയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബ്ബുകളിലൊന്നായ ഖാർ ജിംഖാന.

ജമീമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് ക്ലബുമായി ബന്ധപ്പെട്ട ഹാൾ ഉൾപ്പെടെയുള്ളവ മതപരമായ പരിപാടികൾക്ക് ഉപയോഗിച്ചുവെന്ന വിവാദത്തെ തുടർന്നാണ് നടപടി. ക്ലബിന്റെ ഹാൾ വാടകക്കെടുത്ത് മതപ്രചാരണ പരിപാടി നടത്തിയെന്നാണ് ആരോപണം. 

ബാന്ദ്രയിൽ താമസിക്കുന്ന ജമീമക്ക് 2023 ലാണ് ക്ലബ് ഓണററി അംഗത്വം നൽകുന്നത്. വിവാദങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡിയിലാണ് ജമീമയുടെ  അംഗത്വം റദ്ദാക്കിയത്.

ക്രിക്കറ്റ് പരിശീലകൻ കൂടിയായ ജമീമയുടെ പിതാവ് ഒരു വർഷത്തിലേറെയായി 35 ലധികം പരിപാടികളാണ് ക്ലബ് ഹാളിൽ നടത്തിയതെന്ന് കമ്മറ്റി അംഗമായ ശിവ് മൽഹോത്ര പറയുന്നു. ബ്രദർ മാനുവൽ മിനിസ്ട്രീസ് എന്ന സംഘടനയുടെ പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

എന്നാൽ, ഖാർ ജിംഖാനയുടെ മാനേജിംഗ് കമ്മിറ്റിയും ട്രസ്റ്റി തെരഞ്ഞെടുപ്പും ഈ മാസം അവസാനം നടക്കാനിരിക്കെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ജിംഖാന പ്രസിഡൻ്റ് വിവേക് ​​ദേവ്നാനി പറയുന്നു.

ഇന്ത്യക്ക് വേണ്ടി മൂന്ന് ടെസ്റ്റും 30 ഏകദിനങ്ങളും 104 ട്വന്റി 20 യും കളിച്ച ജമീമ 3000 ത്തിലധികം റൺസ് നേടിയ ബാറ്ററാണ്.

Tags:    
News Summary - Khar Gymkhana removes Jemimah Rodrigues over father's 'religious activities'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.