നിശ്ചിത സ്കോർ ടൈ, സൂപ്പർ ഓവറും ടൈ, പിന്നെ മത്സരം അടുത്ത സൂപ്പർ ഓവറിലേക്ക്. ഒരു വശത്ത് ട്രെൻറ് ബോൾട്ടും ജസ്പ്രീത് ബുമ്രയും മറുവശത്ത് മുഹമ്മദ് ഷമിയും ക്രിസ് ജോർദാനും അണിനിരന്ന് യോർക്കർ യുദ്ധം നടത്തിയപ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് ലഭിച്ചത് ട്വൻറി 20 ക്രിക്കറ്റിെൻറ സർവ്വ സൗന്ദര്യവും അലിഞ്ഞുചേർന്ന ഒന്നാന്തരമൊരു മത്സരം. ഒടുവിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചാബ് മത്സരം നെഞ്ചോടടക്കി. രണ്ടാം സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസ് മുന്നോട്ടുവെച്ച 12 റൺസ് വിജയലക്ഷ്യം പഞ്ചാബ് നാലു പന്തുകൾ ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ക്വിൻറൺ ഡീകോക്കിെൻറ അർധ സ്വെഞ്ച്വറിയുടെ (53) മികവിൽ 176 റൺസെടുത്തു. 77 റൺസുമായി നായകൻ കെ.എൽ രാഹുൽ മുന്നിൽ നിന്ന് പൊരുതിയതോടെയാണ് പഞ്ചാബ് ഒപ്പത്തിനൊപ്പമെത്തിയത്. 51 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു രാഹുലിെൻറ കിടിലൻ ഇന്നിങ്സ്. ക്രിസ് ഗെയിലും നിക്കോളാസ് പുരാനും 24 റൺസ് വീതമെടുത്തു. നാല് ഒാവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബുംറ പഞ്ചാബിന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.
ക്വിൻറൺ ഡീക്കോക്കിന് പുറമേ, മുംബൈക്ക് വേണ്ടി ക്രുണാൽ പാണ്ഡ്യയും കീറോൺ പൊള്ളാർഡും 34 റൺസ് വീതമെടുത്തു. 12 പന്തിൽ നാല് സിക്സും ഒരു ബൗണ്ടറിയുമടങ്ങുന്നതായിരുന്നു വിൻഡീസ് താരത്തിെൻറ ഇന്നിങ്സ്. നായകൻ രോഹിത് ശർമ എട്ട് പന്തിൽ ഒമ്പത് റൺസ് മാത്രമെടുത്ത് പുറത്തായി. അവസാന അഞ്ച് ഒാവറിൽ നേടിയ 62 റൺസാണ് മുംബൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. പഞ്ചാബ് ബൗളർമാരിൽ മുഹമ്മദ് ഷമിയും അർഷ്ദീപ് സിങ്ങും രണ്ടുവീതം വിക്കറ്റുകളെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.