ന്യൂഡൽഹി: ഇതിഹാസ നിരയിലേക്കുയർന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ടീമിലേക്കുള്ള വരവിനെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ സെലക്ടർ കിരൺ മോറെ. ഒരു സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ടീമിന് ലഭിക്കാതെ വരികയും രാഹുൽ ദ്രാവിഡ് വിക്കറ്റ് കീപ്പറാകുകയും ചെയ്ത ആ കാലത്തെ ഓർമിച്ചെടുക്കുകയാണ് മോറെ. ധോണിയെ ടീമിലെടുക്കുന്നത് അന്നത്തെ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ ബോധ്യപ്പെടുത്താൻ പത്ത് ദിവസത്തോളമെടുത്തെന്ന് മോറെ ഒരു ഷോയിൽ പറഞ്ഞു.
''ഞങ്ങൾ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ തിരയുകയായിരുന്നു. കളിയുടെ സ്വഭാവം മാറിക്കൊണ്ടിരിക്കുന്ന ആ സമയത്ത് ഒരു പവർ ഹിറ്ററെയായിരുന്നു ആവശ്യം. ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്ത് വേഗത്തിൽ 40-50 റൺസ് നേടുന്ന താരത്തെയായിരുന്നു ആവശ്യം. ദ്രാവിഡ് 2003 ലോകകപ്പടക്കം 75 ഏകദിനങ്ങളിൽ വിക്കറ്റ് കീപ്പറായി. അതുകൊണ്ടുതന്നെ ഒരു വിക്കറ്റ് കീപ്പറെ അത്യാവശ്യമായിരുന്നു''.
''എെൻറ സുഹൃത്താണ് ആദ്യമായി ധോണിയെ കണ്ടത്. അന്നദ്ദേഹം ടീം നേടിയ 170 റൺസിൽ 130ഉം എടുത്ത് തകർപ്പൻ ഫോമിൽ നിൽക്കുകയായിരുന്നു. എന്നാൽ ഗാംഗുലിക്ക് അന്ന് കൊൽക്കത്തയിൽ നിന്ന് തന്നെയുള്ള ദീപ്ദാസ് ഗുപ്തയോടായിരുന്നു താൽപര്യം. ധോണിയെ വിക്കറ്റ് കീപ്പറാക്കുന്നത് ഗാംഗുലിയെ ബോധ്യപ്പെടുത്താൻ പത്ത് ദിവസമെടുത്തു'' -കിരൺ മോറെ പറഞ്ഞു.
തുടർന്ന് 2004ൽ ബംഗ്ലദേശിനെതിരെ നടന്ന പരമ്പരയിലാണ് ധോണി ഇന്ത്യക്കായി അരങ്ങേറുന്നത്. പരമ്പരയിൽ കാര്യമായ പ്രകടനം പുറത്തെടുക്കാനാവാതിരുന്ന ധോണി 2005ൽ വിശാഖപട്ടണത്ത് പാകിസ്താനെതിരെ നേടിയ സെഞ്ച്വറിയോടെയാണ് ടീമിൽ ഇരിപ്പുറപ്പിച്ചത്. പിന്നീട് ധോണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.