കാൺപുർ: ന്യൂസിലൻഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര വ്യാഴാഴ്ച തുടങ്ങാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായി പരിക്ക്. ഓപണർ ലോകേഷ് രാഹുലാണ് പരിക്കുമൂലം പരമ്പരയിൽനിന്ന് പുറത്തായത്. ഇടതുതുടയിലെ മാംസപേശികൾക്ക് പരിക്കേറ്റ രാഹുലിനു പകരം സൂര്യകുമാർ യാദവിനെ ടീമിലുൾപ്പെടുത്തി.
പരിക്കേറ്റ രാഹുൽ ചൊവ്വാഴ്ച കാൺപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ടീമിെൻറ പരിശീലന സെഷനിൽ പങ്കെടുത്തിരുന്നില്ല. രാഹുൽ ബംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ ചെലവഴിച്ച് അടുത്തമാസത്തെ ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുന്നോടിയായി ശാരീരികക്ഷമത വീണ്ടെടുക്കാൻ ശ്രമിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ഇതുവരെ 40 ടെസ്റ്റുകളിൽ കളിച്ചിട്ടുള്ള രാഹുൽ 35.16 ശരാശരിയിൽ 2321 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിത് ശർമക്കൊപ്പം ഓപൺ ചെയ്ത രാഹുൽ മികച്ച ഫോമിലായിരുന്നു.
വിശ്രമം അനുവദിച്ചതിനാൽ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരക്ക് രോഹിതില്ല. ഇതോടെ രാഹുലും മായങ്ക് അഗർവാളും ഓപൺ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലിയില്ലാത്തതിനാൽ മറ്റൊരു ഓപണറായ ശുഭ്മാൻ ഗിൽ മധ്യനിരയിലിറങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ, രാഹുൽ പുറത്തായതോടെ മായങ്ക്-ഗിൽ ജോടിയാവും ആദ്യ ടെസ്റ്റിൽ ഓപണിങ്. നായകൻ അജിൻക്യ രഹാനെക്കും ചേതേശ്വർ പുജാരക്കുമൊപ്പം ശ്രേയസ് അയ്യർ, സൂര്യകുമാർ എന്നിവരിൽ ഒരാൾക്ക് മധ്യനിരയിൽ അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.