വിരാട് കോഹ്‍ലി ലോക ക്രിക്കറ്റ് അടക്കിവാഴുന്നതിനിടെയാണ് പാകിസ്താന്റെ സെന്‍സേഷനല്‍ താരം ബാബര്‍ അസം അടിച്ചു കസറി സ്വന്തമായൊരു സ്ഥാനം ഉറപ്പിച്ചത്. അതോടെ, കോഹ്‍ലിയാണോ ബാബറാണോ സൂപ്പര്‍ എന്നായി ചര്‍ച്ച. കോഹ്‍ലിയേക്കാള്‍ മിടുക്കനാണ് ബാബര്‍ അസം എന്ന് നിരീക്ഷിക്കുന്നവരുണ്ട് ക്രിക്കറ്റ് ലോകത്ത്. എന്നാൽ, ബാബര്‍ അത്രത്തോളം എത്തിയിട്ടില്ലെന്ന് കണക്കുകള്‍ നിരത്തി സമർത്ഥിക്കുന്നവരും കുറവല്ല.
ഇന്ത്യയിലും ബാബറിന് ആരാധകരേറെയുണ്ട്. ഐ.പി.എല്ലില്‍ പാകിസ്താന്‍ കളിക്കാര്‍ക്ക് വിലക്കുള്ളതിനാല്‍ ബാബറിന്റെ ക്ലാസിക് ബാറ്റിങ് നേരില്‍ കാണാന്‍ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരിൽ പലർക്കും സാധിച്ചിട്ടില്ല. രാഷ്ട്രീയ വൈരം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് ബന്ധവും നിലച്ചിരിക്കുകയാണ്. പാകിസ്താന്റെയും ഇന്ത്യയുടെയും മികച്ച ക്രിക്കറ്റ് തലമുറകള്‍ നേര്‍ക്കുനേര്‍ വരുന്നത് കാണാന്‍ സാധിക്കാത്തത് അന്താരാഷ്ട്ര ക്രിക്കറ്റിനും നഷ്ടമാണ്.
എന്നാല്‍, ഇപ്പോള്‍ ക്രിക്കറ്റ് ആരാധകർക്കൊരു സന്തോഷ വാര്‍ത്തയെത്തിയിരിക്കുകയാണ്. ആഫ്രോ-ഏഷ്യ കപ്പ് അടുത്ത വര്‍ഷം പുനരാരംഭിച്ചേക്കുമെന്നും വൈകാതെ വിരാട് കോഹ്‍ലിയും ബാബര്‍ അസമും ഒരുമിച്ച് ബാറ്റ് ചെയ്യുന്നത് കാണാന്‍ വഴിയൊരുങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. ഏഷ്യന്‍ ടീമില്‍ ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളിലെ താരങ്ങള്‍ അണിനിരക്കുമ്പോള്‍ അതില്‍ വിരാടും ബാബറും ഇല്ലാതിരിക്കില്ല.
ആഫ്രോ-ഏഷ്യന്‍ കപ്പ് രണ്ട് തവണയാണ് ഇതിന് മുമ്പ് നടന്നത്. 2005ലും 2007ലും. അന്ന് ഏഷ്യന്‍ ഇലവനില്‍ രാഹുല്‍ ദ്രാവിഡ്, വീരേന്ദര്‍ സെവാഗ്, ശുഐബ് അക്തര്‍, ശാഹിദ് അഫ്രീദി എന്നീ സൂപ്പര്‍ താരങ്ങള്‍ ഒരുമിച്ചു. 2007ലെ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ നായകനായിരുന്ന എം.എസ് ധോണി ഏഷ്യന്‍ ഇലവനില്‍ കളിച്ചിരുന്നു. മുമ്പ് ഏകദിന ഫോര്‍മാറ്റിലായിരുന്നു കളിയെങ്കില്‍ അടുത്ത തവണ ട്വന്റി 20 ഫോര്‍മാറ്റിലാകും.
ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി ജയ് ഷാ, ആഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാന്‍ സുമോദ് ദാമോദര്‍ എന്നിവര്‍ ആഫ്രോ-ഏഷ്യന്‍ കപ്പ് സംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ഫോബ്‌സ് മാഗസിന്‍ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.