കൊളംബോ: മഴയൊഴിഞ്ഞ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ റൺമല തീർത്ത് ഇന്ത്യ. വിരാട് കോഹ്ലിയും കെ.എൽ. രാഹുലും നേടിയ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസെടുത്തു.
94 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സറുമുൾപ്പെടെ പുറത്താവാതെ 122 റൺസാണ് വിരാട് കോഹ്ലി അടിച്ചുകൂട്ടിയത്. 106 പന്തിൽ 12 ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 111 റൺസെടുത്ത കെ.എൽ.രാഹുൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
എകദിന ക്രിക്കറ്റിൽ 13000 റൺസ് എന്ന നാഴികകല്ല് പിന്നിട്ട വിരാട് കോഹ്ലിയുടെ 47 ഏകദിന സെഞ്ച്വറിയാണിത്. പരിക്ക് മാറി നീണ്ട ഇളവേളക്ക് ശേഷം തിരിച്ചെത്തിയ കെ.എൽ.രാഹുലിന്റെ ആറാമത് സെഞ്ച്വറിയാണിത്.
കനത്ത മഴയെ തുടർന്ന് ഞായറാഴ്ച ഇടക്കുവെച്ച് നിർത്തിയ മത്സരമാണ് ഇന്ന് പുനരാരംഭിച്ചത്. നേരത്തെ അർധസെഞ്ച്വറി നേടിയ ഓപണർമാരായ രോഹിത് ശർമയും(56) ശുഭ്മാൻ ഗില്ലും (58) തീർത്ത ശക്തമായ അടിത്തറിയിൽ നിന്നാണ് കോഹ്ലിയും രാഹുലും സംഹാരതാണ്ഡവമാടിയത്.
പാകിസ്താന് വേണ്ടി ഷഹീൻ ഷാ അഫ്രീദിയും ഷദാബ് ഖാനും ഓരോ വിക്കറ്റെടുത്തു. അതേ സമയം 10 ഓവറിൽ 79 റൺസാണ് ഷഹീൻ ഷാ അഫ്രീദി വിട്ടുകൊടുത്തത്.
മഴയെ തുടർന്ന് നിർത്തിയ മത്സരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് പുനരാരംഭിക്കുമെന്നായിരുന്നു അറിയിപ്പെങ്കിലും നനഞ്ഞ ഔട്ട്ഫീൽഡ് കാരണം തുടങ്ങിയപ്പോൾ 4.40 ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.