ബംഗളൂരു: ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറിയുമായി കുശാൽ പെരേര നിറഞ്ഞാടിയിട്ടും ചുവടുറപ്പിക്കാനാകാതെ ശ്രീലങ്ക. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 15 ഓവറിൽ 95 റൺസ് അടിച്ചുകൂട്ടിയെങ്കിലും അഞ്ച് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട നിലയിലാണ് ലങ്ക. സ്കോർ ബോർഡിൽ 70 റൺസെടുക്കുമ്പോഴേക്കും അവർക്ക് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു.
22 പന്തിൽ രണ്ട് സിക്സും ഒമ്പത് ഫോറുമടക്കമാണ് കുശാൽ അമ്പത് കടന്നത്. എന്നാൽ, ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോൾ അർധസെഞ്ച്വറി പൂർത്തിയാക്കിയ ശേഷം കുശാലും നിസ്സഹായനായി. 28 പന്തിൽ 51 റൺസെടുത്ത താരത്തെ ലോക്കി ഫെർഗൂസന്റെ പന്തിൽ മിച്ചൽ സാന്റ്നർ പിടിച്ച് പുറത്താക്കുകയായിരുന്നു. ലോകകപ്പിലെ ശ്രീലങ്കൻ താരത്തിന്റെ അതിവേഗ അർധസെഞ്ച്വറിയെന്ന നേട്ടം രണ്ട് ബാൾ വ്യത്യാസത്തിലാണ് കുശാൽ പെരേരക്ക് നഷ്ടമായത്. 2015ലെ ലോകകപ്പിൽ സ്കോട്ട്‍ലൻഡിനെതിരെ എയ്ഞ്ചലോ മാത്യൂസ് 20 പന്തിൽ നേടിയ അർധസെഞ്ച്വറിയാണ് ശ്രീലങ്കക്കാരന്റെ ഏറ്റവും വേഗതയേറിയ അർധസെഞ്ച്വറി. 22 പന്തിൽ അർധശതകം നേടിയ ദിനേശ് ചണ്ഡിമലിനൊപ്പമാണ് ഇനി കുശാൽ പെരേരയുടെ സ്ഥാനം.
ഓപണർ പാതും നിസ്സങ്ക (2), ക്യാപ്റ്റൻ കുശാൽ മെൻഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. 13 റൺസുമായി മുൻ നായകൻ എയ്ഞ്ചലോ മാത്യൂസും 12 റൺസുമായി ധനഞ്ജയ ഡിസിൽവയുമാണ് ക്രീസിൽ. കിവീസിനായി ട്രെൻഡ് ബോൾട്ട് ആറോവറിൽ 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുതപ്പോൾ ടിം സൗത്തി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.