കൊളംബോ: ചെരിഞ്ഞുതാണുപറക്കുന്ന തീയുണ്ടകൾ പായിക്കുന്ന അപൂർവ ആക്ഷനും വികാരങ്ങൾക്ക് കീഴ്പ്പെടാതെയുള്ള ആ ചിരിയും ഇനി ക്രിക്കറ്റിന് അന്യം. ശ്രീലങ്കൻ ബൗളിങ് ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിെൻറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തെൻറ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് മലിംഗ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
''എെൻറ ട്വൻറി 20 ബൗളിങ് ഷൂസുകൾക്ക് ഇന്ന് മുതൽ വിശ്രമം നൽകാൻ തീരുമാനിച്ചു. എെൻറ ട്വൻറി 20 യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി' -മലിംഗ പറഞ്ഞു. ഏകദിനത്തിൽ നിന്നും ടെസ്റ്റിൽ നിന്നും നേരത്തേ വിരമിച്ച മലിംഗ ട്വൻറി 20 ക്രിക്കറ്റിൽ തുടർന്നിരുന്നു. അടുത്ത കാലങ്ങളിലായി ശ്രീലങ്കൻ ട്വൻറി 20 ടീമിലും മലിംഗ ഇടം പിടിച്ചിരുന്നില്ല. മുംബൈ ഇന്ത്യൻസ്, മെൽബൺ സ്റ്റാർസ് അടക്കമുള്ള മുൻ നിര ക്രിക്കറ്റ് ഫ്രാഞ്ചൈസികളുടെ താരമായ മലിംഗയെ ഇനി ക്രിക്കറ്റ് ലീഗുകളിലും കാണില്ല.
പേസ് ബൗളിങ് ഡിപ്പാർട്മെൻറിെൻറ കുന്തമുനായിരുന്ന മലിംഗയുടെ നേതൃത്വത്തിലാണ് ശ്രീലങ്ക 2014 ട്വൻറി 20 ലോകകപ്പിൽ ജേതാക്കളായത്. ശ്രീലങ്കൻ ജഴ്സിയിൽ 30 ടെസ്റ്റ് മത്സരങ്ങളിലും 226 ഏകദിനങ്ങളിലും 84 ട്വൻറി 20 കളിലും മലിംഗ കളത്തിലിറങ്ങിയിട്ടുണ്ട്. 2020 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ട്വൻറി 20യിലാണ് മലിംഗ അവസാനമായി കളത്തിലിറങ്ങിയത്. 107 വിക്കറ്റുകൾ സ്വന്തം പേരിലുള്ള മലിംഗയാണ് ട്വൻറി ക്രിക്കറ്റിൽ ഏറ്റവും വിക്കറ്റുകൾ വീഴ്ത്തിയ ബൗളർ. രണ്ട് ഹാട്രിക്കുകളും നേടിയിട്ടുണ്ട്. 122 മത്സരങ്ങളിൽ കളത്തിലിറങ്ങിയ മലിംഗയുടെ മാരക ബൗളിങ്ങിെൻറ മികവിലാണ് മുംബൈ ഇന്ത്യൻസ് ഐ.പി.എല്ലിൽ പലകുറി കിരീടം നേടിയത്.
ശ്രീലങ്ക ലോകക്രിക്കറ്റിനു സമ്മാനിച്ച മികച്ച പേസർമാരിലൊരാളാണ് ലസിത് മലിംഗ. 2004ൽ അരങ്ങേറ്റം കുറിച്ച മലിംഗ 226 ഏകദിനങ്ങളിൽ നിന്ന് 338 വിക്കറ്റ് നേടിയിട്ടുണ്ട്. മൂന്ന് ഏകദിന ഹാട്രിക്ക് നേടിയ ഏക കളിക്കാരനും നാല് പന്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ ഏക കളിക്കാരനുമാണ് മലിംഗ. മുത്തയ്യ മുരളീധരനും (523) ചാമിന്ദ വാസിനും (399) പിറകിൽ ഏകദിനത്തിൽ ലങ്കയുടെ മൂന്നാം വിക്കറ്റ്വേട്ടക്കാരനാണ് മലിംഗ (335). ലോകകപ്പിൽ ഏഴു കളികളിൽ 13 വിക്കറ്റുമായി ടീമിനായി കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും മലിംഗയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.