അവസാന രണ്ട് വിക്കറ്റും എറിഞ്ഞിട്ടു, അവസാന ഷോട്ടിൽ സിക്‌സർ; വിടവാങ്ങല്‍ അവിസ്മരണീയമാക്കി സ്റ്റുവർട്ട് ബ്രോഡ്

ലണ്ടൻ: ആഷസ് പരമ്പരയിലെ ആവേശപ്പോരില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച് വിടവാങ്ങൽ മത്സരം അവിസ്മരണീയമാക്കി ഇംഗ്ലീഷ് പേസര്‍ സ്റ്റുവർട്ട് ബ്രോഡ്. അവസാന ടെസ്റ്റിനിറങ്ങിയ താരം നേരിട്ട അവസാന പന്ത് സിക്‌സറിലേക്ക് പറത്തിയും അവസാനം എറിഞ്ഞ പന്തില്‍ വിക്കറ്റ് നേടിയുമാണ് വിടവാങ്ങൽ സ്വപ്നതുല്യമാക്കിയത്.

സമനില പിടിക്കാന്‍ പൊരുതിയ ഓസീസ് വാലറ്റത്തെ അവസാന രണ്ട് വിക്കറ്റും പിഴുതാണ് ബ്രോഡ് ടീമിന് വിജയം സമ്മാനിച്ച് കരിയര്‍ അവസാനിപ്പിച്ചത്‌. 20.4 ഓവറില്‍ 62 റണ്‍സ് വഴങ്ങിയ ബ്രോഡ് ടോഡ് മർഫിയുടെയും അലക്സ് കാരിയുടെയും വിക്കറ്റുകളാണ് പിഴുതത്. ഇതോടെ കരിയറി​ൽ 604 വിക്കറ്റായി. ആദ്യ ഇന്നിങ്സിലും ബ്രോഡ് രണ്ട് വിക്കറ്റ് നേടിയിരുന്നു. ടെസ്റ്റിലെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമനാണ് ഇംഗ്ലീഷുകാരൻ.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് താരങ്ങള്‍ നല്‍കിയ ഗാര്‍ഡ് ഓഫ് ഓണറോടെ ബാറ്റിങ്ങിനിറങ്ങിയ ബ്രോഡ് കരിയറില്‍ നേരിട്ട അവസാന പന്ത് സിക്സറടിച്ചാണ് കളം വിട്ടത്. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ പന്ത് ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെയാണ് സിക്‌സറിന് പറത്തിയത്. അടുത്ത ഓവറില്‍ ഇംഗ്ലണ്ടിന്റെ പത്താം വിക്കറ്റായി ആന്‍ഡേഴ്‌സണ്‍ പുറത്തായതോടെ നോട്ടൗട്ടോടെ ബ്രോഡ് ടെസ്റ്റ് ബാറ്റിങ് കരിയര്‍ അവസാനിപ്പിച്ചു.

ഇന്ന​ലത്തെ വിജയത്തോടെ ആഷസ് പരമ്പര സമനിലയിൽ അവസാനിക്കുകയായിരുന്നു. അ​ഞ്ചാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി‍യ വ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാറ്റേന്തിയ ആസ്ട്രേലിയ പൊരുതിയാണ് കീഴടങ്ങിയത്. 384 റ​ൺ​സ് പി​ന്തു​ടർന്ന ഓ​സീ​സ് പോരാട്ടം 334ൽ അവസാനിച്ചു. 49 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഒരു ഘട്ടത്തിൽ മൂന്നിന് 264 എന്ന ശക്തമായ നിലയിൽനിന്ന് അവർ നാടകീയമായി തകരുകയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഓസീസ് ജയിച്ചപ്പോൾ മൂന്നാമത്തെ മത്സരം ഇംഗ്ലണ്ട് തിരിച്ചുപിടിക്കുകയായിരുന്നു. നാലാം ടെസ്റ്റ് സമനിലയിലായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ജയം അനിവാര്യമായ അഞ്ചാമത്തെ മത്സരത്തിൽ ഓസീസിന് മേൽ ഇംഗ്ലണ്ട് ആധിപത്യം നേടുകയായിരുന്നു. കഴിഞ്ഞ വർഷം ആഷസിൽ ഒരു മത്സരംപോലും ജയിക്കാൻ ഇംഗ്ലണ്ടിനായിരുന്നില്ല.

Tags:    
News Summary - Last two wickets, six in the last shot; Stuart Broad made the farewell a memorable one

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.