ഇന്ത്യ പാകിസ്താൻ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി വിരാട് കോഹ്‍ലിക്ക് ആശംസയറിയിച്ച് സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. നിങ്ങളുടെ ഡൈവ് കഴിഞ്ഞ ദിവസം ഞാൻ കണ്ടിരുന്നു. പിച്ചിൽ നിങ്ങളായിരിക്കും വേഗമേറിയയാൾ. എന്നാൽ, വായുവിൽ ഞാനാണ് വേഗമേറിയത്. നിങ്ങളുടെ അടുത്ത കളി കാണുമെന്നും ബോൾട്ട് ട്വിറ്ററിൽ കുറിച്ചു. ഈ പോസ്റ്റ് ഷെയർ ചെയ്ത് കോഹ്‍ലി മറുപടിയും നൽകി.
നിങ്ങൾ കളി കാണുകയാണെങ്കിൽ അധികമായി 100 മീറ്റർ കൂടി ഓടാൻ തയാറെടുക്കുന്നുവെന്നാണ് പോസ്റ്റ് പങ്കുവെച്ച് ട്വിറ്ററിൽ കോഹ്‍ലി കുറിച്ചത്. രോഹിത്തിന്റെയും വിരാടിന്റെയും ബാറ്റുകളും ജസ്പ്രീതിന്റെ പന്തും വാചാലമാകാനൊരുങ്ങുന്ന അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്ത് ഇന്ന് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ അയൽപോരാണ് നടക്കുന്നത്. ലോകകപ്പിൽ ഏഴുവട്ടം മുഖാമുഖം നിന്നിട്ടും ഇന്ത്യക്കെതിരെ ഒരിക്കൽ പോലും ജയിക്കാനായില്ലെന്ന മോശം റെക്കോഡ് മറികടക്കാമെന്ന മോഹവുമായി പാകിസ്താൻ പാഡുകെട്ടുമ്പോൾ ഇതുവരെയും കാത്ത അപരാജിത കുതിപ്പ് തുടരാനാണ് ആതിഥേയരുടെ അങ്കക്കലി.
അമിതാഭ് ബച്ചനും രജനികാന്തും പോലുള്ള ഇതിഹാസങ്ങൾ കളി കാണാനെത്തുന്ന മൈതാനത്ത് ഇത്തിരി നേരത്തേ ആഘോഷം കൊഴുപ്പിച്ചാകും മത്സരത്തിന് തുടക്കമാകുക. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ അഹമ്മദാബാദിലെ സ്റ്റേഡിയത്തിലിറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.