ട്രിനിനാഡ്: ട്വന്റി 20 ലോകകപ്പിൽ പുതിയ റെക്കോഡിട്ട് ന്യൂസിലാൻഡ് പേസർ ലോക്കീ ഫെർഗ്യൂസൺ. ട്വന്റി 20 മത്സരത്തിലെ നാലോവറും മെഡയ്ഡനാക്കി മൂന്ന് വിക്കറ്റെടുത്താണ് ഫെർഗ്യൂസൺ റെക്കോഡിട്ടത്. പാപുവ ന്യൂ ഗിനിയക്കെതിരെയായിരുന്നു ഫെർഗ്യൂസന്റെ റെക്കോഡ് പ്രകടനം. കഴിഞ്ഞ ദിവസം ട്രിനാഡിലെ ബ്രയാൻ ലാറ സ്റ്റഡിയത്തിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഫെർഗ്യൂസന്റെ തകർപ്പൻ ബോളിങ്.
പാപ്പുവ ന്യൂ ഗിനിയ ബാറ്റർമാരെ ക്രീസിൽ നിലയുറപ്പിക്കാൻ ഫെർഗ്യൂസൻ സമ്മതിച്ചില്ല. ക്യാപ്റ്റൻ അസാദ് വാലയുടേത് ഉൾപ്പടെ മൂന്ന് വിക്കറ്റുകളും ഫെർഗ്യൂസൻ സ്വന്തമാക്കി. ന്യൂസിലാൻഡ് ബൗളർ ടിം സൗത്തിക്കൊപ്പമാണ് ഫെർഗ്യൂസൻ പന്തെറിയാനെത്തിയത്. അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഫെർഗ്യൂസൻ വിക്കറ്റെടുത്തു.
പാപ്പുവ ന്യൂ ഗിനിയയുടെ ക്യാപ്റ്റൻ അസാദിനെയാണ് പുറത്താക്കിയത്. അടുത്ത രണ്ട് ഓവറുകളിൽ ലൈനും ലെങ്തും മാറ്റി മികച്ച രീതിയിൽ തന്നെ ഫെർഗ്യൂസൻ പന്തെറിഞ്ഞു. പിന്നീട് 12ാം ഓവറിൽ ചാൾസ് അമിനിയേയും 14ാം ഓവറിൽ ചാഡ് സോപറിനേയും വിക്കറ്റിന് മുന്നിൽ കുടുക്കി ഫെർഗ്യൂസൻ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തുകയും ചെയ്തു. മത്സരത്തിൽ ന്യൂസിലാൻഡ് ഏഴ് വിക്കറ്റിനാണ് പാപ്പുവ ന്യൂ ഗിനിയയെ തകർത്തത്.
ആദ്യം ബാറ്റ് ചെയ്ത് പാപ്പുവ ന്യൂ ഗിനിയ 78 റൺസിന് ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 12.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. ഓപ്പണർ ഫിൻ അലൻ പൂജ്യത്തിന് പുറത്തായെങ്കിലും 35 റൺസെടുത്ത ഡേവോൺ കോൺവേയും 19 റൺസെടുത്ത ഡാരൽ മിച്ചലും കൂടി ന്യൂസിലാൻഡിനെ വിജയതീരത്തെത്തിച്ചു. രചിൻ രവീന്ദ്ര ആറ് റണ്ണുമായും ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 18 റൺസുമായും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.