ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. ലവ് ഫിലിംസിന്‍റെ ബാനറിൽ ലൗ രഞ്ചൻ, അങ്കൂർ ഗാർഗ് എന്നിവരാണ് ദാദയുടെ ബയോപിക് നിർമിക്കുന്നത്.
'ക്രിക്കറ്റാണ് എന്‍റെ ജീവിതം, ആത്മവിശ്വാസവും തലയുയർത്തി പിടിച്ചു ജീവിക്കാൻ ഈ കളിയാണ് എനിക്ക് കഴിവ് നൽകിയത്. ഏറെ വിലമതിക്കപ്പെടുന്ന യാത്രയായിരുന്നു ഇത്. ലവ് ഫിലിംസ് ജീവിതയാത്ര സിനിമയാക്കുന്നതിൽ ഏറെ സന്തോഷവാനാണ്' -ഗാംഗുലി വാർത്ത ട്വീറ്ററിലൂടെ സ്ഥിരീകരിച്ചു.
ഗാംഗുലി വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകർ ദാദയെ വെള്ളിത്തിരയിൽ അവതരിപ്പിക്കേണ്ട താരത്തെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്.
രഞ്ജന്റെ തന്നെ ചിത്രത്തിൽ നായകനായ രൺബീർ കപൂർ ഗാംഗുലിയായി എത്തുമെന്നാണ് നിരവധിയാളുകൾ കരുതുന്നത്. എന്നാൽ കഴിഞ്ഞ വർഷം നേഹ ധൂപിയയുടെ ഷോയിൽ പങ്കെടുക്കവേ സൂപ്പർ താരം ഋത്വിക് റോഷൻ തന്‍റെ റോളിലെത്താൻ താൽപര്യമുണ്ടെന്ന് ഗാംഗുലി പറഞ്ഞിരുന്നു.
ഒരുപറ്റം ആരാധകർ 'സ്കാം 1992' സീരീസിലെ നായകൻ പ്രതീക് ഗാന്ധിയെയും വിക്കി കൗഷലിനെയോ പരിഗണിക്കണമെന്ന് നിർദേശിക്കുന്നു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ജീവിത കഥ ഇതാദ്യമല്ല സിനിമയാകുന്നത്. മുൻ ഇന്ത്യൻ നായകൻമാരായ മുഹമ്മദ് അസ്ഹറുദ്ദീൻ, എം.എസ്. ധോണി എന്നിവരുടെ ബയോപിക്കുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇമ്രാൻ ഹാഷ്മിയായിരുന്നു അസ്ഹറിൽ (2016) അസ്ഹറുദ്ദീന്റെ വേഷം അവതരിപ്പിച്ചത്. 2016ൽ തന്നെ പുറത്തിറങ്ങിയ 'എം.എസ്. ധോണി ദ അൺടോൾഡ് സ്റ്റോറി'യിൽ അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തായിരുന്നു ധോണിയുടെ വേഷം അനശ്വരമാക്കിയത്.
ഇന്ത്യക്കായി ആദ്യമായി ലോകകിരീടം സ്വന്തമാക്കിയ നായകൻ കപിൽ ദേവിന്‍റെ ബയോപികും അണിയറയിൽ ഒരുങ്ങുന്നുണ്ട്. യുവതാരം രൺവീർ സിങ്ങാണ് കപിൽ ആയി വേഷമിടുന്ന്. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം നായിക മിതാലി രാജിന്‍റെ ജീവകഥ പറയുന്ന 'സബാഷ് മിതു' എന്ന സിനിമയും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നടി തപ്സി പന്നുവാണ് മിതാലിയെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.