ധോണിയും രോഹിത്തും (ഫയൽ)

ട്വന്റി20യിൽ നാഴികക്കല്ല് പിന്നിട്ട് ധോണി; പട്ടികയിൽ മുമ്പൻ രോഹിത്

മുംബൈ: രോഹിത് ശർമക്ക് ശേഷം 350 ട്വന്റി20 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നാഴികക്കല്ല് പിന്നിട്ട് മഹേന്ദ്ര സിങ് ധോണി. ഞായറാഴ്ച ബ്രബോൺ സ്റ്റേഡിയത്തിൽ പഞ്ചാബ് കിങ്സിനെതിരായിരുന്നു ധേണിയുടെ 350ാം ട്വന്റി20 മത്സരം.

372 ട്വന്റി20 കളിച്ച രോഹിത് ശർമയാണ് പട്ടികയിൽ ഒന്നാമത്. ചെന്നൈ സൂപ്പർ കിങ്സിൽ ധോണിയുടെ സഹതാരമായിരുന്ന സുരേഷ് റെയ്നയാണ് (336) മൂന്നാമത്. 350ൽ 98 മത്സരങ്ങൾ ധോണി ഇന്ത്യൻ ജഴ്സിയിലാണ് കളത്തിലിറങ്ങിയത്. 222 മത്സരങ്ങൾ സി.എസ്.കെക്കും റൈസിങ് പൂനെ സൂപ്പർജയന്റ്സിനുമായി കളിച്ചു.

നാഴികക്കല്ല് പിന്നിട്ടെങ്കിലും 350ാം മത്സരം തോൽക്കാനായിരുന്നു ധോണിയുടെ വിധി. 54 റൺസിനായിരുന്നു പഞ്ചാബിന്റെ വിജയം. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് എട്ടു വിക്കറ്റിന് 180 റൺസടിച്ചപ്പോൾ ചെന്നൈ 18 ഓവറിൽ 126 റൺസിന് ഓൾഔട്ടായി. പഞ്ചാബിന്റെ രണ്ടാം ജയവും ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയുമാണിത്.

പഞ്ചാബിനായി രാഹുൽ ചഹാർ മൂന്നും വൈഭവ് അറോറയും ലിയാം ലിവിങ്സ്റ്റോണും രണ്ടു വീതവും വിക്കറ്റെടുത്തു. 30 പന്തിൽ 57 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ചെന്നൈ നിരയിൽ പിടിച്ചുനിന്നത്. നേരത്തേ, 32 പന്തിൽ അഞ്ചു വീതംസിക്സും ഫോറുമായി 60 റൺസടിച്ചുകൂട്ടിയ ലിവിങ്േസ്റ്റാൺ ആണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്.

Tags:    
News Summary - Mahendra Singh Dhoni becomes the second Indian cricketer after Rohit Sharma to play 350 T20 matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.