ലണ്ടൻ: ഇനിയും വിവാദമൊഴിയാത്ത മങ്കാദിങ്ങിനെ (നോൺ സ്ട്രൈക്കിങ് എൻഡിലെ ബാറ്ററെ ബൗളിങ്ങിനിടെ റൺ ഔട്ടാക്കൽ) മോശം കളിയുടെ പട്ടികയിൽനിന്ന് നല്ല കളിയാക്കി സ്ഥാനക്കയറ്റം നൽകി അധികൃതർ. ക്രിക്കറ്റ് നിയമങ്ങളുടെ കാവൽക്കാരായി പരിഗണിക്കപ്പെടുന്ന മെരിൽബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി) ആണ് നിയമത്തിൽ ഭേദഗതി വരുത്തിയത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ ഉൾപ്പെടെ താരങ്ങളിൽ പലരും ഇതിനെ പതിവു റണ്ണൗട്ടായി അംഗീകരിക്കണമെന്ന ആവശ്യം ഏറെയായി ഉന്നയിച്ചിരുന്നു. എന്നാൽ, മങ്കാദിങ് ശരിയായ ഔട്ടാക്കലല്ലെന്ന പക്ഷക്കാരും ഏറെയായിരുന്നു. മോശം കളിയെന്ന നിലക്ക് 41ാം നിയമമെന്നത് പതിവു റണ്ണൗട്ടിനായുള്ള 38ാം നിയമത്തിലേക്കാണ് എം.സി.സി മാറ്റിയത്.
1948ൽ ആസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബിൽ ബ്രൗൺ ബാറ്റിങ്ങിനായി നോൺ സ്ട്രൈക്കിങ് എൻഡിൽ നിൽക്കെ ഇന്ത്യൻ താരം വിനു മങ്കാദാണ് ആദ്യമായി ഇങ്ങനെ ഔട്ടാക്കിയത്. മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു സ്റ്റമ്പിങ്. ആസ്ട്രേലിയൻ മാധ്യമങ്ങൾ നൽകിയ മങ്കാദിങ് എന്ന വിളിപ്പേര് പിന്നീട് ക്രിക്കറ്റ് ലോകം ഏറ്റെടുക്കുകയായിരുന്നു. സുനിൽ ഗവാസ്കർ ഉൾപ്പെടെ താരങ്ങൾ ഇങ്ങനെ വിളിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു.
സമാനമായി, പന്തെറിയും മുമ്പ് ബൗളർമാർ ബാളിൽ ഉമിനീര് പുരട്ടുന്നതിനെ മോശം കളിയാക്കിയും ഭേദഗതി വരുത്തി. ഉമിനീര് പുരട്ടുക വഴി പന്തിന്റെ സഞ്ചാരത്തിൽ കാര്യമായ മാറ്റം വരുത്താനാകില്ലെന്നും അതിനാൽ ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതില്ലെന്നുമാണ് എം.സി.സിയുടെ നിലപാട്. ഉമിനീര് പുരട്ടുന്നതിന് കോവിഡ് കാലത്ത് വിലക്ക് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.