ഒറ്റക്കാലിൽ പൊരുതി യുദ്ധം ജയിപ്പിച്ച യോദ്ധാവിന്റെ കഥ കേട്ടിട്ടുണ്ടോ.. ഇല്ലേൽ ഇനി മുതൽ മുംബൈ വാങ്കെഡെ സ്റ്റേഡിയം ആ കഥ പറയും. എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസ്സോടെ ആഗ്രഹിച്ചാല്‍ ആ ആഗ്രഹം സഫലമാക്കാനായി ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തുമെന്ന് പൗലോ കൊയ്‍ലോ ആൽക്കമിസ്റ്റിൽ പറയുന്നുണ്ട്. ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ ആസ്ട്രേലിയൻ ആൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ അതിനെ അന്വർത്ഥമാക്കുകയായിരുന്നു.
അഫ്ഗാൻ ഉയർത്തിയ 292 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ആസ്ട്രേലിയയെ ഏഴ് വിക്കറ്റിന് 91 റൺസ് എന്ന ദയനീയമായ നിലയിൽ നിന്ന് ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ സാക്ഷി നിർത്തി ഗ്ലെൻ മാക്സ്‌വെൽ വിജയതീരമണയിക്കുന്നത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെയാണ് കണ്ടുനിന്നത്.
128 പന്തിൽ നിന്ന് 21 ഫോറും 10 സിക്സറും ഉൾപ്പെടെ പുറത്താകാതെ 201 റൺസ് നേടിയ മാക്സ്‌വെൽ ഇന്നിങ്സ് ഏകദിന ചരിത്രത്തിലെ എക്കാലത്തെയും മികച്ച വ്യക്തിഗത ഇന്നിങ്സായിരുന്നു. അർധസെഞ്ച്വറി പിന്നിട്ടതോടെ കാലിലെ പേശീവലിവ് കടുത്തവെല്ലുവിളിയായി വന്നെങ്കിലും സെഞ്ച്വറിയും കടന്ന് ഗ്രൗണ്ടിൽ നിരവധി തവണ വീണും ഉരുണ്ടും അയാൾ ലക്ഷ്യത്തിലെത്തിച്ചു.
കാല് നിലത്തുറപ്പിക്കാൻ പോലും ആകാതെ ഒറ്റക്കാലിൽ നിന്ന് ഫൂട്ട് വർക്കുകളൊന്നുമില്ലാതെ സിക്സും ഫോറും മാത്രം നേടുന്ന ഇന്നിങ്സ് ചരിത്രത്തിൽ അനിതരസാധാരണമായിരുന്നു.
1983ലെ ലോകകപ്പിൽ ഇന്ത്യൻ ഇതിഹാസം കപിൽദേവ് സിംബാവെക്കെതിരെ നേടിയ 175 റൺസും 1984 ൽ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സ് ഇംഗ്ലണ്ടിനെതിരെ നേടിയ 189 റൺസ് എന്നിവയോടൊപ്പമോ അതിന് മുകളിലോ ചേർത്തുവെക്കാവുന്ന ഇന്നിങ്സാണ് ഇന്നലെ വാങ്കഡെയിൽ പിറന്നത്.
ഏകദിന ചരിത്രത്തിലെ എക്കാലെത്തയും മികച്ച 10 ഇന്നിങ്സുകൾ
1. ഗ്ലെൻ മാക്സ്‌വെൽ (ആസ്ട്രേലിയ)- 201* (128 പന്ത്) - 2023 ലോകകപ്പ് അഫ്ഗാനിസ്ഥാനെതിരെ.
2. വിവിയൻ റിച്ചാർഡ്സ് ( വെസ്റ്റിൻഡീസ്) - 189*(170 പന്ത്) -1984 ൽ ഇംഗ്ലണ്ടിനെതിരെ.
3. കപിൽ ദേവ് (ഇന്ത്യ)- 175* (138 പന്ത്)- 1983 സിംബാവെക്കെതിരെ.
4. സഈദ് അൻവർ (പാകിസ്താൻ) -192 (146 പന്ത്) - 1997 ഇന്ത്യക്കെതിരെ.
5. മാർട്ടിൻ ഗുപ്റ്റിൽ (ന്യൂസിലൻഡ്) -237* (163 പന്ത്) -2015 വെസ്റ്റിൻഡീസിനെതിരെ.
6. രോഹിത് ശർമ( ഇന്ത്യ) -264 (173 പന്ത് ) 2014 ശ്രീലങ്കക്കെതിരെ.
7. സച്ചിൻ ടെണ്ടുൽക്കർ (ഇന്ത്യ) -175 (141 പന്ത് ) 2009 ആസ്ട്രേലിയക്കെതിരെ.
8. ഫഖർസമാൻ (പാകിസ്താൻ) 193 (155 പന്ത് ) 2021 ൽ ദക്ഷിണാഫ്രിക്കക്കെതിരെ.
9. സനത് ജയസൂര്യ (ശ്രീലങ്ക) 189 (161) - 2000 ഇന്ത്യക്കെതിരെ.
10. ഹെർഷൽ ഗിബ്സ് (ദക്ഷിണാഫ്രിക്ക) -175 (111 പന്ത്) 2006 ആസ്ട്രേലിയക്കെതിരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.