ഇന്ത്യക്ക് ഒരു ലക്ഷ്വറി താരമുണ്ട്, ടു ഇന്‍ വണ്‍ താരത്തെ ഏത് ടീമും ആഗ്രഹിക്കും! പറയുന്നത് ക്രിക്കറ്റ് ഇതിഹാസം മെഗ്രാത്

ടീം ഇന്ത്യയില്‍ അടിമുടി മാച്ച് വിന്നേഴ്‌സാണ്. പ്രതിഭകളുടെ ബാഹുല്യമാണ് ബി.സി.സി.ഐ സെലക്ടര്‍മാര്‍ നേരിടുന്ന പ്രധാന തലവേദന. ഇന്ത്യയുടെ രണ്ടാം നിരക്ക് മറ്റ് ടീമുകളുടെ ഒന്നാം നിരയെ തോല്‍പ്പിക്കാന്‍ സാധിക്കും! ദീപക് ഹൂഡ, റിതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ സമീപകാലത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചവരാണ്. എന്നിട്ടും, ടീമിലെ സ്ഥിരാംഗങ്ങളാകാന്‍ പറ്റാത്ത അവസ്ഥ.

രോഹിത് ശര്‍മ, വിരാട് കോഹ്ലി, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിങ്ങനെ നീളുന്ന സീനിയേഴ്‌സിന്റെ നിര 2023 ലോകകപ്പ് വരെ മാറ്റമില്ലാതെ തുടരും. ഇതില്‍ ഇടം പിടിക്കണമെങ്കില്‍ അസാമാന്യ ഓള്‍ റൗണ്ട് മികവ് പുറത്തെടുത്തേ മതിയാകൂ.

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഗ്ലെന്‍ മെഗ്രാത്തിന്റെ അഭിപ്രായത്തില്‍ ടു ഇന്‍ വണ്‍ ആയിരിക്കണം. ബാറ്റിങ് ഓള്‍ റൗണ്ടറോ, ബൗളിങ് ഓള്‍ റൗണ്ടറോ എന്നതല്ല, രണ്ടിലും ഒരു പോലെ തിളങ്ങുന്ന താരമാകണം. അങ്ങനെയൊരാള്‍ ഇന്ത്യന്‍ ടീമിലുണ്ടെന്ന് മെഗ്രാത് ചൂണ്ടിക്കാട്ടുന്നു.

ഹര്‍ദിക് പാണ്ഡ്യയാണ് ആ താരം. ഹര്‍ദിക്കിനെ പോലൊരു താരം ഏതൊരു ടീമും ആഗ്രഹിക്കും. ക്രിക്കറ്റ് എന്നത് ആത്മവിശ്വാസത്തിന്റെ കളിയാണ്. ഹര്‍ദിക്കില്‍ ആത്മവിശ്വാസം വേണ്ടുവോളം കാണാം. നന്നായി ബാൾ ചെയ്താല്‍ അയാള്‍ക്ക് നന്നായി ബാറ്റ് ചെയ്യാനുള്ള ആത്മവിശ്വാസം കൈവരും. ആദ്യം ബാറ്റ് ചെയ്താലും ഇതേ അവസ്ഥയാണ്. ബുദ്ധിമാനായ ബൗളറും പവര്‍ ഹിറ്ററുമായ ഹര്‍ദിക് ലക്ഷ്വറി താരമാണ്.

ട്വന്റി20 ക്രിക്കറ്റിന്റെ പ്രചാരത്തിന് മുന്നില്‍ ഏകദിന ക്രിക്കറ്റിന് എത്രകാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കുമെന്ന് അറിയില്ല. എന്നാല്‍, ടെസ്റ്റ് ക്രിക്കറ്റ് കാലത്തെ അതിജീവിക്കും. തനിക്ക് എന്നും ക്രിക്കറ്റ് എന്നാല്‍ ടെസ്റ്റ് ആണ്. ഏകദിന ക്രിക്കറ്റ് നല്‍കിയ ഓര്‍മകളും ഏറെ പ്രിയപ്പെട്ടതാണ് -മെഗ്രാത് പറഞ്ഞു.

ഏകദിന ക്രിക്കറ്റ് ആകര്‍ഷകമാക്കാന്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും മെഗ്രാത് അഭിപ്രായപ്പെട്ടു.

Tags:    
News Summary - McGrath hails India's 28-year-old star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.