സിഡ്നി: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഒസീസ് ക്യാപ്റ്റൻ മെഗ് ലാനിങ് വിരമിച്ചു. 31ാം വയസ്സിലാണ് അപ്രതീക്ഷിത തീരുമാനം. 103 ഏകദിനങ്ങളും 132 ട്വന്റി 20യും ആറ് ടെസ്റ്റും ഉൾപ്പെടെ 241 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2010-ൽ 18-ാം വയസ്സിൽ ട്വന്റി 20 യിലൂടെ അരങ്ങേറിയ താരം 13 വർഷത്തെ കരിയറാണ് അവസാനിപ്പിച്ചത്.
രണ്ട് ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് കിരീടങ്ങളും അഞ്ച് ട്വന്റി 20 ലോകകപ്പ് കിരീടങ്ങളും നേടിയ താരം എല്ലാ ഫോർമാറ്റുകളിലുമായി 8000-ലധികം റൺസ് നേടിയിട്ടുണ്ട്.
"അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പിന്മാറാനുള്ള തീരുമാനം എടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു, പക്ഷേ ഇപ്പോൾ എനിക്ക് ശരിയായ സമയമാണെന്ന് തോന്നുന്നു. 13 വർഷത്തെ അന്താരാഷ്‌ട്ര കരിയർ ആസ്വദിക്കാൻ എനിക്ക് അവിശ്വസനീയമാംവിധം ഭാഗ്യമുണ്ടായിട്ടുണ്ട്. ഞാൻ ഇഷ്‌ടപ്പെടുന്ന ഗെയിം ഏറ്റവും ഉയർന്ന തലത്തിൽ കളിക്കാൻ എന്നെ അനുവദിച്ചതിന്, പിന്തുണ നൽകിയതിന്, എന്റെ കുടുംബത്തിനും ടീമംഗങ്ങൾക്കും ക്രിക്കറ്റ് വിക്ടോറിയ, ക്രിക്കറ്റ് ആസ്‌ട്രേലിയ, ആസ്‌ട്രേലിയൻ ക്രിക്കറ്റേഴ്‌സ് അസോസിയേഷൻ, കരിയറിലുടനീളം എന്നെ പിന്തുണച്ച ആരാധകർ, എല്ലാവരോടും നന്ദി".- മെഗ് ലാനിങ് പറഞ്ഞു.
2012ൽ ശ്രീലങ്കയിൽ നടന്ന ട്വന്റി 20 ലോകകപ്പാണ് ലാനിങ്ങിന്റെ ആദ്യ ഐ.സി.സി കിരീടം. തുടർന്ന് 2013ൽ ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് കിരീടവും സ്വന്തമാക്കി.
2014-ൽ ഐ.സി.സി വനിതാ ട്വന്റി 20 ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി ലാനിങ് തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വർഷം ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് തന്റെ രാജ്യത്തെ നയിച്ചതാണ് ലാനിങ്ങിന്റെ അവസാന അന്താരാഷ്ട്ര മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.