ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ റൺവേട്ടക്കാരന്‍റെ റെക്കോഡ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ പേരിലാണ്. 15,921 റൺസാണ് താരം നേടിയത്. 24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ അതുല്യമായ ഒട്ടനവധി റെക്കോഡുകളാണ് സചിൻ സ്വന്തം പേരിലാക്കിയത്.
മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്, മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ജാക്വസ് കാലിസ്, ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാര എന്നിവർ റൺവേട്ടയിൽ അടുത്തെത്തിയെങ്കിലും സചിന്‍റെ റെക്കോഡ് മറികടക്കാനായില്ല. എന്നാൽ, ഇംഗ്ലണ്ട് താരം ജോ റൂട്ടിന് സചിന്‍റെ റെക്കോഡ് മറികടക്കാൻ സാധിക്കുമെന്ന് പറയുന്നു മുൻ ഇംഗ്ലീഷ് നായകൻ മൈക്കൽ വോൺ.
വെസ്റ്റിൻഡീസിനെതിരെയുള്ള ടെസ്റ്റിൽ തകർപ്പൻ ഫോമിലാണ് റൂട്ട്. താരത്തിന്‍റെ സെഞ്ച്വറി കരുത്തിൽ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 241 റണ്‍സിന്‍റെ ഗംഭീര ജയവും സ്വന്തമാക്കി. കരിയറിലെ 32ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം നേടിയത്. 48ാം അന്താരാഷ്ട്ര സെഞ്ച്വറിയാണിത്. സെഞ്ച്വറി നേട്ടത്തിൽ നിലവിൽ സജീവ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളിൽ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് ഒപ്പമെത്താനുമായി. സൂപ്പർ ബാറ്റർ വിരാട് കോഹ്ലി മാത്രമാണ് ഇരുവർക്കും മുന്നിലുള്ളത് -80 സെഞ്ച്വറികൾ.
രണ്ടാം ഇന്നിങ്സിൽ 385 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 147 റണ്‍സിന് ഓൾ ഔട്ടായി. ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. ജോ റൂട്ട് 178 പന്തില്‍ 10 ഫോര്‍ അടക്കം 122 റണ്‍സെടുത്തു. റൂട്ടിന്‍റെ ബാറ്റിങ് മികവിനെയും സമീപകാല ഫോമിനെയും പ്രശംസിച്ച വോൺ, താരത്തിന് സചിന്‍റെ ടെസ്റ്റ് റൺസ് റെക്കോഡ് മറികടക്കാൻ കഴിയുമെന്നും പറയുന്നു.
‘വരും മാസങ്ങളില്‍ ജോ റൂട്ട് ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും വലിയ റൺവേട്ടക്കാരനാകും. സചിന്‍ ടെണ്ടുല്‍ക്കറെയും അദ്ദേഹത്തിന് മറികടക്കാനാകും. ആദ്യ ഇന്നിങ്സിൽ തിളങ്ങാനായില്ലെങ്കിലും രണ്ടാം ഇന്നങ്സിൽ ശ്രദ്ധയോടെയാണ് ബാറ്റു വീശിയത്. മുമ്പത്തെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു’ -വോൺ ടെലഗ്രാഫ് പത്രത്തിൽ എഴുതിയ കുറിപ്പിൽ വ്യക്തമാക്കി. ടെസ്റ്റിൽ 12,000 റൺസ് നേടുന്ന ഏഴാമത്തെ മാത്രം താരമാണ് റൂട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.