ധർമശാല (ഹിമാചൽ പ്രദേശ്): കഴിഞ്ഞ നാല് മത്സരങ്ങളിലും തന്നെ പുറത്തിരുത്തിയ ടീം അധികൃതർക്കുള്ള മറുപടി കൂടിയായിരുന്നു ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ മുഹമ്മദ് ഷമി എന്ന പേസറുടെ ഓരോ പന്തും. ഷാർദുൽ താക്കൂറിന് പകരം അഞ്ചാം മത്സരത്തിൽ ടീമിൽ ഇടം പിടിച്ച ഷമി ആദ്യ പന്തിൽ തന്നെ വിൽ യങ്ങിന്റെ കുറ്റി തെറിപ്പിച്ചാണ് തുടങ്ങിയത്. ശേഷം നാല് ന്യൂസിലാൻഡ് ബാറ്റർമാർ കൂടി ഷമിക്ക് ഇരയായി. പത്തോവറിൽ 54 റൺസ് വഴങ്ങി വീഴ്ത്തിയത് അഞ്ച് വിക്കറ്റ്. ഇതോടെ വൻ സ്കോറിലേക്ക് നീങ്ങുകയായിരുന്ന ന്യൂസിലാൻഡ് ഇന്നിങ്സ് 273 റൺസിൽ ഒതുങ്ങി.
അഞ്ച് വിക്കറ്റ് നേട്ടത്തോടെ അത്യപൂർവ റെക്കോഡും താരത്തെ തേടിയെത്തി. രണ്ട് ലോകകപ്പുകളിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. ഷമിക്ക് മുമ്പ് എട്ട് ബൗളർമാരാണ് രണ്ട് ഏകദിന ലോകകപ്പുകളിൽ ഒറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. 2019ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം.
ലോകകപ്പിൽ ഏഴാം തവണയാണ് ഒരു ഇന്ത്യൻ ബൗളർ അഞ്ച് വിക്കറ്റ് നേടുന്നത്. 2019, 2023 ലോകകപ്പുകളിൽ ഷമി അഞ്ച് വിക്കറ്റ് കൊയ്തപ്പോൾ കപിൽ ദേവ് (1983), വെങ്കടേഷ് പ്രസാദ് (1999), റോബിൻ സിങ് (1999), ആശിഷ് നെഹ്റ (2003), യുവരാജ് സിങ് (2011) എന്നിവരായിരുന്നു മുൻഗാമികൾ. ലോകകപ്പിൽ അഞ്ചാം തവണയാണ് താരം നാല് വിക്കറ്റിൽ കൂടുതൽ വീഴ്ത്തുന്നത്. ആറ് തവണ ഈ നേട്ടം സ്വന്തമാക്കിയ ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക് മാത്രമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.
ലോകകപ്പിൽ ഇന്ത്യക്കായി ഇതുവരെ 36 വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് വേട്ടയിൽ അനിൽ കുംെബ്ലയെ മറികടന്ന് മൂന്നാമതെത്തുകയും ചെയ്തു. 31 വിക്കറ്റുകളായിരുന്നു കുംെബ്ലയുടെ സമ്പാദ്യം. 44 വിക്കറ്റുകള്‍ വീതം നേടിയ ജവഗല്‍ ശ്രീനാഥും സഹീര്‍ ഖാനും മാത്രമാണ് ഇനി താരത്തിന് മുന്നിലുള്ളത്.
തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഷമിയെ ഇതുവരെ പുറത്തിരുത്തി ഷാർദുൽ താക്കൂറിന് അവസരം നൽകിയത് എന്തിനെന്ന ചോദ്യവുമായി ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചെന്നൈയില്‍ ആസ്ട്രേലിയക്കെതിരെ ഇറങ്ങിയപ്പോള്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇറങ്ങിയത്. ചെന്നൈയിലെ പിച്ച് സ്പിന്നര്‍മാരെ തുണക്കുന്നതാണെന്നതിനാല്‍ ഈ തീരുമാനത്തിന് ന്യായീകരണമുണ്ടായിരുന്നു. പേസര്‍മാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് അന്ന് കളിച്ചത്. കൂടെ ഹാർദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. എന്നാല്‍ ഡൽഹിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം മത്സരത്തിലും അഹ്മദാബാദില്‍ പാകിസ്താനെതിരെ നടന്ന മൂന്നാം മത്സരത്തിലും പുണെയില്‍ ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തിലും ടീം മാനേജ്മെന്‍റ് അശ്വിനെ പുറത്തിരുത്തിയപ്പോള്‍ പകരം പ്ലേയിങ് ഇലവനില്‍ എത്തിയത് ഷാർദുല്‍ താക്കൂറായിരുന്നു. പല മുൻ താരങ്ങളും ഷമിക്ക് അവസരം നൽകാത്തതിനെതിരെ രംഗത്തെത്തിയിരുന്നു.
ഡാറിൽ മിച്ചലിന്റെ ഉജ്വല സെഞ്ച്വറിയുടെയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ച്വറിയുടെയും മികവിൽ ന്യൂസിലാൻഡ് 274 റൺസ്, വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.