ലാലിഗയിൽ റയൽ മാഡ്രിഡിനോട് ഇഞ്ചോടിഞ്ച് പോരാട്ടത്തിലുള്ള ജിറോണക്ക് ഇഞ്ചുറി ടൈം ഗോളിൽ നാടകീയ ജയം. ഏഴ് ഗോൾ ത്രില്ലറിൽ ലീഗിൽ മൂന്നാമതുള്ള അത്‍ലറ്റികോ മാഡ്രിനെയാണ് വീഴ്ത്തിയത്. അത്‍ലറ്റികോക്കായി സ്പാനിഷ് താരം അൽവാരോ മൊറാത്ത ഹാട്രിക് നേടിയെങ്കിലും വിജയത്തിന് അത് മതിയായിരുന്നില്ല.
രണ്ടാം മിനിറ്റിൽ തന്നെ വലേറി ഫെർണാണ്ടസിന്റെ ബുള്ളറ്റ് ഷോട്ട് അത്‍ലറ്റികോ ഗോൾകീപ്പറെ കീഴടക്കിയിരുന്നു. എന്നാൽ, 14ാം മിനിറ്റിൽ ഗ്രീസ്മാനിൽനിന്ന് ലഭിച്ച പന്ത് മൊറാത്ത ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ, അത്‍ലറ്റികോയുടെ പ്രതീക്ഷക്ക് നേരെ ലൈൻ റഫറിയുടെ ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. തുടർന്ന് ‘വാർ’ പരിശോധനയിൽ ഗോൾ അനുവദിക്കുകയായിന്നു.
26ാം മിനിറ്റിൽ അത്‍ലറ്റികോ പ്രതിരോധത്തിന്റെ പിഴവിൽ ജിറോണ രണ്ടാം ഗോൾ നേടി. ആദ്യ ഷോട്ട് ഗോൾകീപ്പർ തടഞ്ഞിട്ടെങ്കിലും റീബൗണ്ടിൽ പന്ത് കിട്ടിയ സാവിയോ പിഴവില്ലാതെ വല കുലുക്കുകയായിരുന്നു. 39ാം മിനിറ്റിൽ ഡാലി ബ്ലിൻഡ് കൂടി ജിറോണക്കായി ഗോൾ നേടിയതോടെ രണ്ട് ഗോളിന്റെ മുൻതൂക്കമായി.
കളി ഇടവേളക്ക് പിരിയാൻ ഒരു മിനിറ്റ് ശേഷിക്കെ പന്ത് ലഭിച്ച മൊറാത്ത ഒറ്റക്ക് മുന്നേറി രണ്ട് പ്രതിരോധ താരങ്ങളെയും ഗോൾകീപ്പറെയും കബളിപ്പിച്ച് പന്ത് പോസ്റ്റിനുള്ളിലെത്തിച്ചതോടെ സ്കോർ 3-2ലെത്തി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ അത്‍ലറ്റികോ സമനില ഗോളിനടുത്തെത്തിയെങ്കിലും ഗോൾകീപ്പർ പണിപ്പെട്ട് തട്ടിയകറ്റി. റീബൗണ്ടിൽ പന്ത് ലഭിച്ച മൊറാത്ത ക്രോസ്ബാറിന് മുകളിലൂടെ പറത്തി. 50ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഷോട്ടും ജിറോണ ഗോൾകീപ്പർ തട്ടിത്തെറിപ്പിച്ചു. തുടർന്ന് ലഭിച്ച കോർണറിൽ അത്‍ലറ്റികോ താരത്തിന്റെ ഷോട്ടും ഗോൾകീപ്പർ തടഞ്ഞിട്ടു. തൊട്ടുടൻ മൊറാത്തയുടെ ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്. എന്നാൽ, 54ാം മിനിറ്റിൽ അത്‍ലറ്റികോ മൊറാത്തയിലൂടെ തന്നെ തിരിച്ചടിച്ചു. ഹാട്രിക്കോടെ ലീഗിൽ താരത്തിന്റെ ഗോൾ സമ്പാദ്യം ഇതോടെ 12ലെത്തി.
62, 72 മിനിറ്റുകളിൽ ജിറോണയുടെ ഗോൾശ്രമങ്ങൾ അത്‍ലറ്റികോ ഗോൾകീപ്പറും തട്ടിയകറ്റി. എന്നാൽ, ഇഞ്ചുറി സമയത്തിന്റെ ഒന്നാം മിനിറ്റിൽ ജിറോണയുടെ വിജയഗോളെത്തി. വളഞ്ഞുനിന്ന നാല് എതിർ ഡിഫൻഡർമാർക്കിടയിലൂടെ ഇവാൻ മാർട്ടിൻ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. വിജയത്തോടെ വിലപ്പെട്ട മൂന്ന് പോയന്റ് കൂടി നേടി അവർ 48 പോയന്റുള്ള റയൽ മാഡ്രിഡിനൊപ്പമെത്തി. ഗോൾ ശരാശരിയിൽ റയലാണ് മുന്നിൽ. 38 പോയന്റുമായി അത്‍ലറ്റികോ മൂന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റു മത്സരങ്ങളിൽ അന്റോണിയോ റൂഡിഗർ നേടിയ ഒറ്റ ഗോളിൽ റയൽ മാഡ്രിഡ് മല്ലോർകയെ തോൽപിച്ചപ്പോൾ ഗ്രനഡ കാഡിസിനെ 2-0ത്തിനും സെൽറ്റ വിഗൊ റയൽ ബെറ്റിസിനെ 2-1നും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.