2011 ലോകകപ്പിൽ രോഹിത് ശർമയെ ടീമിലെടുക്കാത്തതിനു പിന്നിൽ ധോണി? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ സെലക്ടർ

2011ലെ ഏകദിന ലോകകപ്പ് വിജയം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ശ്രീലങ്കക്കെതിരെ ഫൈനലില്‍ നായകൻ എം.എസ്. ധോണി സിക്സറിച്ചാണ് ടീമിനെ ജയിപ്പിക്കുന്നത്.

സചിൻ തെണ്ടുൽക്കർ, സൂപ്പർതാരങ്ങളായ വിരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ഗൗതം ഗംഭീർ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളുടെ ഒരുനിരതന്നെ അന്ന് ടീമിലുണ്ടായിരുന്നു. കൂടാതെ, വിരാട് കോഹ്ലി, ആർ. ആശ്വിൻ എന്നീ യുവതാരങ്ങളും. എന്നാൽ, ഐ.സി.സി ടൂർണമെന്‍റുകളിൽ ഇന്ത്യൻ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്ന രോഹിത് ശർമ ലോകകപ്പ് ടീമിലില്ലായിരുന്നു.

മാനേജ്മെന്‍റിന്‍റെ അപ്രതീക്ഷിത തീരുമാനം ക്രിക്കറ്റ് പ്രേമികളെ കുറച്ചൊന്നുമല്ല നിരാശരാക്കിയത്. അന്ന് കളിക്കാനാകാത്തതിന്‍റെ സങ്കടം രോഹിത്തിനുമുണ്ട്. ലോകകപ്പ് ടീമിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായി താരം പല അവസരങ്ങളിലും തുറന്നുപറഞ്ഞിരുന്നു. ധോണിയുടെ നായകത്വത്തിൽ 2007 ട്വന്‍റി20 ലോകകപ്പ് കിരീടം നേടിയ ടീമിൽ പോലും രോഹിത് ഉണ്ടായിരുന്നു. രോഹിത്തിനെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതിനു പിന്നിൽ നായകൻ ധോണിയുടെ ഇടപെടലുകളാണെന്നാണ് പുറത്തുവരുന്ന വിവരം.

മുൻ സെലക്ഷൻ പാനൽ അംഗമായ രാജ വെങ്കട്ടാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. മുൻ ബംഗാൾ ക്രിക്കറ്ററായിരുന്ന രാജ 2008 മുതൽ 2012 വരെ പുരുഷ ടീമിന്‍റെ സെലക്ഷൻ പാനലിൽ ഉണ്ടായിരുന്നു. ഒരു സ്പോർട് പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് രാജയുടെ വെളിപ്പെടുത്തൽ.

2011 ലോകകപ്പ് ടീമിൽനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയത് അന്നത്തെ നായകനായിരുന്ന ധോണിയുടെ ഇടപെടലാണെന്ന് അദ്ദേഹം പറയുന്നു. മൂന്ന് വർഷമായി ഏകദിന ടീമിൽ സ്ഥിര സാന്നിധ്യമായിരുന്ന രോഹിത്തിനെ കൃഷ്ണമാചാരി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഏകകണ്ഠയമായി ടീമിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പിയൂഷ് ചൗളയെ ടീമിൽ ഉൾപ്പെടുത്തുന്നതിന് രോഹിത്തിനെ ഒഴിവാക്കാൻ ധോണി സമ്മർദം ചെലുത്തിയെന്നും അദ്ദേഹം പറയുന്നു.

‘ഞങ്ങൾ ടീമിനെ തെരഞ്ഞെടുക്കാനായി ഇരിക്കുമ്പോൾ രോഹിത് ഞങ്ങളുടെയെല്ലാം പട്ടികയിലുണ്ടായിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന സമയമായതിനാൽ ഞാനും യശ്പാൽ ശർമയും അവിടെയായിരുന്നു, ബാക്കിയുള്ള മൂന്ന് സെലക്ടർമാരായ ശ്രീകാന്ത്, ഭാവെ, ഹിർവാനി എന്നിവർ ചെന്നൈയിലും. ടീമിലെ ഒന്നു മുതൽ 14 വരെയുള്ള താരങ്ങളുടെ കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. 15ാം നമ്പർ താരമായി ഞങ്ങൾ രോഹിത് ശർമയുടെ പേര് നിർദേശിച്ചു. പരിശീലകൻ ഗാരി കേർസ്റ്റനും നല്ലൊരു തെരഞ്ഞെടുപ്പായി തോന്നി. പക്ഷേ നായകൻ ധോണി പിയൂഷ് ചൗളയെ ഉൾപ്പെടുത്തണമെന്ന് വാദിച്ചു. പിന്നാലെ കേർസ്റ്റനും നിലപാട് മാറ്റി. അതൊരു മികച്ച തെരഞ്ഞെടുപ്പാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് രോഹിത് പുറത്തായത്’ -രാജ വെങ്കട്ട വ്യക്തമാക്കി.

Tags:    
News Summary - MS Dhoni Blocked Rohit Sharma's Selection In 2011 World Cup, Ex-selector Drops Bombshell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.