മികച്ച ഫിനിഷർ ആരെന്നതിൽ ക്രിക്കറ്റ് പണ്ഡിറ്റുകൾക്കിടയിലും ആരാധകർക്കിടയിലും ഏറെ നാളായി തർക്കം നിലനിൽക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയോ അതോ ദക്ഷിണാഫ്രിക്കയുടെ മുൻ വെടിക്കെട്ട് ബാറ്റർ എബി ഡിവില്ലിയേഴ്സോ, ഇവരിൽ ആരാണ് മികച്ച ഫിനിഷർ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകത്തെ രണ്ടുപക്ഷത്ത് നിർത്തുന്നത്.
വൈറ്റ് ബാൾ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ മുൻ നായകൻ കൂടിയായ ഡിവില്ലിയേഴ്സ്. ബാറ്റിങ്ങിൽ 360 ഡിഗ്രിയിലും ഷോട്ട് പായിക്കാനുള്ള താരത്തിന്‍റെ കഴിവ് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. കൂടാതെ, ക്രിക്കറ്റിലെ മികച്ച ഫിനിഷർ എന്ന വിശേഷണവും താരത്തിനുണ്ട്. ധോണിയും ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറായി വാഴ്ത്തപ്പെടുന്ന താരമാണ്. സിക്സടിച്ച് മത്സരം ഫിനിഷ് ചെയ്യാന്‍ അപാര കഴിവുള്ള താരം കൂടിയാണ് ധോണി.
എതിരാളികളുടെ യാതൊരു സമ്മർദത്തിനും കീഴടങ്ങാറില്ല. ധോണിയോ, ഡിവില്ലിയേഴ്സോ? ആരാണ് മികച്ച ഫിനിഷർ എന്ന തർക്കം ഒടുവിൽ ഡിവില്ലിയേഴ്സ് തന്നെ പരിഹരിച്ചിരിക്കുകയാണ്. ധോണിയാണ് മികച്ച ഫിനിഷർ എന്ന് മുൻ പ്രോട്ടീസ് താരം പറയുന്നു.
‘ഞാനും ധോണിയും, ഞങ്ങളിൽ ആരാണ് മികച്ച ഫിനിഷർ എന്ന വലിയ തർക്കം ഏറെ നാളായി നടക്കുന്നുണ്ട്, നമുക്ക് ഇപ്പോൾ അത് പരിഹരിക്കാം. എം.എസ്. ധോണിയാണ് എക്കാലത്തെയും മികച്ച ഫിനിഷറെന്ന് ഞാൻ പറയും. അർഹതപ്പെട്ടയാൾക്ക് ക്രെഡിറ്റ് നൽകുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്’ -ആരാധകരുമായുള്ള തത്സമയ ചാറ്റിൽ ഡിവില്ലേഴ്സ് പറഞ്ഞു.
ട്വന്‍റി20യിലും ഐ.പി.എല്ലിലും ചെന്നൈ സൂപ്പർ കിങ്സിനും, ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിനുവേണ്ടിയും ധോണി നടത്തിയ പ്രകടനത്തെ ഡിവില്ലിയേഴ്സ് അഭിനന്ദിച്ചു. ഒരു അസാമാന്യ വ്യക്തി, ഒരു അത്ഭുത മനുഷ്യൻ. ലോകമെമ്പാടുമുള്ള എല്ലാ ക്രിക്കറ്റ് കളിക്കാർക്കും ഒരു വലിയ മാതൃകയാണ് ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ അന്താരാഷ്ട്ര കരിയറിൽനിന്ന് വിരമിച്ചെങ്കിലും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടി ധോണി ഇപ്പോഴും കളിക്കുന്നുണ്ട്. ധോണിയുടെ കളി കാണാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നതായി ഡിവില്ലിയേഴ്സ് പറഞ്ഞു. ഐ.സി.സിയുടെ എല്ലാ വൈറ്റ് ബാൾ ക്രിക്കറ്റ് കിരീടങ്ങളും നേടിയ ലോക ക്രിക്കറ്റിലെ ഏക ക്യാപ്റ്റനാണ് ധോണി. 2007ൽ ട്വന്‍റി20 ലോകകപ്പും 2011ൽ ഏകദിന ലോകകപ്പും 2013ൽ ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.