റായ്പൂർ: ഛത്തീസ്ഗഢിൽ അധ്യാപക നിയമനത്തിനായി അപേക്ഷിച്ചിരിക്കുന്നത് മറ്റാരുമല്ല, സാക്ഷാൽ മഹേന്ദ്ര സിങ് ധോണി. ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ. അപേക്ഷ ഫോറം സൂക്ഷിച്ചുനോക്കിയ അധികൃതർ പിന്നെയും ഞെട്ടിപ്പോയി. ധോണിയുടെ പിതാവ് മറ്റാരുമല്ല, ലോകക്രിക്കറ്റിലെ ഇതിഹാസമായ സചിൻ ടെണ്ടുൽക്കർ.
ഛത്തീസ്ഗഢിൽ 14,850 അധ്യാപകരുടെ ഒഴിവുകളാണ് നികത്താതെ കിടക്കുന്നത്. ഇതിനെതിരായി ഉദ്യോഗാർഥികൾ ശക്തമായ പ്രക്ഷോഭത്തിലാണ്. ഒടുവിൽ മുടങ്ങിക്കിടന്ന റിക്രൂട്ട്മെൻറ് പുനഃസ്ഥാപിക്കാനായി അപേക്ഷകൾ ഷോർട്ട്ലിസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അഭിമുഖത്തിനായി ക്ഷണിച്ചവരിൽ ഒരാൾമാത്രം വരാതായപ്പോഴാണ് അയാളുടെ അപേക്ഷഫോറം വിശദമായി ഉദ്യോഗസ്ഥർ പരിശോധിച്ചത്. അപ്പോഴാണ് ധോണിയെയും സചിനെയും കണ്ട് അവർ ഞെട്ടിയത്.
രണ്ട് ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ പേരിൽ വ്യാജ അപേക്ഷ അയച്ചിട്ടും വിശദമായി പരിശോധിക്കാതെ അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗസ്ഥരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. അധ്യാപകനിയമനത്തിലെ കെടുകാര്യസ്ഥത തെളിച്ചുകാട്ടാൻ ഏതോ വിദ്വാൻ ഒപ്പിച്ച പണിയാണിതെന്ന് പറയപ്പെടുന്നു. എന്തായാലും ഇളിഭ്യരായ ഉദ്യോഗസ്ഥർ 'വിദ്വാനെ' കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.