ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോഴും ആവേശമായ ഇതിഹാസതാരം മഹേന്ദ്ര സിങ് ധോണിയെ ആദരിക്കാനൊരുങ്ങി വാംഖഡെ മൈതാനം. സ്റ്റേഡിയത്തിലെ ഒരു ഇരിപ്പിടത്തിന് ധോണിയുടെ പേര് നൽകാനാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഉന്നതതല സമിതി തീരുമാനം. 2011ലെ ലോകകപ്പിൽ ശ്രീലങ്കക്കെതിരെ വിജയം കുറിച്ച് സിക്സർ പറത്തിയ ഇടമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ധോണിക്ക് കൂടി ഒഴിവുള്ള സമയം കണ്ടെത്തി പേരിടൽ ആഘോഷമാക്കാനാണ് അസോസിയേഷൻ തീരുമാനം.
ചെന്നൈ സൂപർ കിങ്സ് ഏപ്രിൽ എട്ടിന് വാംഖഡെ മൈതാനത്ത് മുംബൈയെ നേരിടുന്നുണ്ട്. ഈ തീയതിയിൽ പരിപാടി സംഘടിപ്പിക്കാനാണ് നിലവിലെ തീരുമാനം. ധോണിയുടെ സൗകര്യം കൂടി ഉറപ്പാക്കിയ ശേഷമാകും പ്രഖ്യാപനം.
വാംഖഡെയിൽ നിലവിൽ ഇതിഹാസങ്ങളായ വിജയ് മർച്ചന്റ്, സുനിൽ ഗവാസ്കർ, ദിലീപ് വെങ്സർക്കാർ എന്നിവരുടെ പേരിൽ സ്റ്റാൻഡുകളുണ്ട്. രണ്ടു പ്രവേശന കവാടങ്ങൾ വിനൂ മങ്കാദ്, പോളി ഉംറിഗർ എന്നിവരുടെ പേരിലാണ്. ഇതിനു പുറമെയാണ് സീറ്റിന് ധോണിയുടെ പേരുവരുന്നത്.
2011 ഏപ്രിൽ രണ്ടിന് നുവാൻ കുലശേഖര എറിഞ്ഞ പന്തിലാണ് സിക്സർ പറത്തി ധോണി ഇന്ത്യയെ വീണ്ടും വിശ്വജേതാക്കളാക്കിയത്. 1983ൽ കപിൽദേവിന്റെ സംഘമായിരുന്നു മുമ്പ് ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് കിരീടം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.