അവസാന ഓവറുകളിൽ വമ്പനടികളുമായി ടീമിന്‍റെ സ്കോർ ഉയർത്താനും ജയിപ്പിക്കാനും തന്നേക്കാളും മികച്ചൊരു താരമില്ലെന്ന് കരിയറിന്‍റെ ഈ അസ്തമയഘട്ടത്തിലും ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്. ധോണി.
ഐ.പി.എല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ഡൽഹി കാപിറ്റൽസിനെ 27 റൺസിനാണ് ചെന്നൈ തോല്‍പിച്ചത്. ജയത്തോടെ ടീം പ്ലേ ഓഫിനരികിലെത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ബാറ്റർമാരെ ഡൽഹി ബൗളർമാർ വരിഞ്ഞുമുറുക്കിയപ്പോൾ, അവസാന ഓവറുകളിലെ ധോണിയുടെ വമ്പനടികളാണ് ടീമിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. ഒമ്പതു പന്തുകളിൽനിന്ന് ധോണി നേടിയത് 20 റൺസ്.
രണ്ടു സിക്സുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങ്സ്. ഖലീൽ അഹ്മദിന്‍റെ 19ാം ഓവറിൽ രണ്ടു സിക്സും ഒരു ഫോറും താരം നേടി. മിച്ചൽ മാർഷ് എറിഞ്ഞ 20ാം ഓവറിലെ അഞ്ചാം പന്തിൽ ഡേവിഡ് വാർണർ ക്യാച്ചെടുത്താണു ധോണിയെ പുറത്താക്കിയത്. കുറച്ചു പന്തുകൾ മാത്രം നേരിട്ട് 200ന് മുകളിൽ സ്ട്രൈക്ക് റേറ്റുമായി ബാറ്റു ചെയ്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഇതാണു തന്റെ ജോലിയെന്നായിരുന്നു ധോണിയുടെ മറുപടി.
‘ഇതാണ് എന്റെ ജോലി. ഇതാണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന് അവരോട് (ചെന്നൈ താരങ്ങളോട്) പറഞ്ഞിട്ടുണ്ട്. എന്നെ ഒരുപാട് ഓടിക്കരുത്. അത് പ്രാവർത്തികമായി. ഇതാണ് ഞാൻ ചെയ്യേണ്ടത്, ടീമിനായി സ്കോർ നേടാനാകുന്നതിൽ സന്തോഷമുണ്ട്’ -ധോണി മത്സരശേഷം പ്രതികരിച്ചു.
ടൂർണമെന്‍റിന്‍റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ, എല്ലാവരും അവരുടെ റോൾ നിർവഹിക്കേണ്ടത് സുപ്രധാനമാണ്. ബാറ്റിങ്ങിൽ ഞങ്ങൾ സന്തോഷവാന്മാരാകേണ്ടതുണ്ട്. മിച്ചൽ സാന്‍റനർ നന്നായി പന്തെറിയുന്നു. ഗെയ്ക് വാദിന്‍റെ ബാറ്റിങ് മികച്ചതാണ്. മത്സരത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. അപൂർവമായി മാത്രമാണ് ഇത്തരം താരങ്ങളെ ലഭിക്കുന്നത്. സാഹചര്യങ്ങൾക്കനുസരിച്ച് കളിക്കാനറിയുന്ന താരങ്ങളെയാണ് ടീമിന് ആവശ്യമെന്നും ധോണി കൂട്ടിച്ചേർത്തു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുക്കാനേ ഡൽഹി കാപിറ്റൽസിനു സാധിച്ചുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.