ഹൈദരാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ന്യൂസിലൻഡുമായി ആദ്യ മത്സരത്തിലും ജയം തുടർന്നപ്പോൾ ബാറ്റർമാരുടെ പ്രകടനങ്ങളാണ് എല്ലായ്പ്പോഴും വാഴ്ത്തപ്പെട്ടത്. ജസ്പ്രീത് ബുംറയടക്കം വജ്രായുധങ്ങളില്ലാത്ത ഇന്ത്യൻ ബൗളിങ് നിരയിൽ നിന്ന് ഉജ്ജ്വലമായി പന്തെറിഞ്ഞ് എതിർ ടീമിനെ വെള്ളം കുടിപ്പിച്ചൊരു താരമുണ്ട്, മുഹമ്മദ് സിറാജ്. കിവികൾക്കെതിരായ മത്സരത്തിന് ശേഷം നായകൻ രോഹിത് ശർമ സിറാജിന്റെ ബൗളിങ് എടുത്തുപറഞ്ഞതും അതുകൊണ്ടാണ്.
സ്വന്തം നാടായ ഹൈദരാബാദിൽ നാട്ടുകാരെയും വീട്ടുകാരെയും സാക്ഷിയാക്കി 28കാരൻ കാഴ്ചവെച്ച മാസ്മരിക പ്രകടനവും തിരുവനന്തപുരത്ത് ലങ്കൻ ബാറ്റർമാരെ വിറപ്പിച്ചതും ശുഭ്മൻ ഗില്ലിന്റെയും വിരാട് കോഹ് ലിയുടെയും ബാറ്റിങ്ങിൽ മുങ്ങിപ്പോവുകയായിരുന്നു. ന്യൂസിലൻഡ് 337 റൺസ് അടിച്ചുകൂട്ടിയ കഴിഞ്ഞ കളിയിൽ സിറാജ് 10 ഓവറിൽ വഴങ്ങിയത് 46 റൺസ് മാത്രം. പറഞ്ഞുവിട്ടത് ഡെവോൺ കോൺവേ, ടോം ലതാം, മിച്ചൽ സാന്റനർ ഉൾപ്പെടെ നാല് ബാറ്റർമാരെയും.
കഴിഞ്ഞ നവംബർ മുതൽ സിറാജിന്റെ ബൗളിങ് പരിശോധിച്ചാൽ മികവിന് അടിവരയിടാം. ബാറ്റർമാർ റൺസ് വാരിക്കൂട്ടുന്ന ട്വന്റി 20 മത്സരങ്ങളിൽപോലും പിശുക്ക് കാണിക്കുന്നുണ്ട് താരം. രണ്ട് വീതം ട്വന്റി20, ടെസ്റ്റ് മത്സരങ്ങളും ഏഴ് ഏകദിനങ്ങളും കളിച്ചു. ഒന്നിൽപോലും വിക്കറ്റ് നേടാതെ മടങ്ങിയില്ല. അവസാന രണ്ട് ട്വന്റി20യിൽ എട്ട് ഓവറിൽ വഴങ്ങിയത് 41 റൺസ് മാത്രം, ആറ് വിക്കറ്റും കിട്ടി.
രണ്ട് ടെസ്റ്റിലും നേടി ആറ് ഇരകളെ. ഏകദിനങ്ങളിലാണ് സിറാജ് ശരിക്കും തകർത്താടിയത്. ഏഴ് മത്സരങ്ങളിൽ കിട്ടിയത് 19 വിക്കറ്റ്. 346 പന്തിൽ വഴങ്ങിയത് 270 റൺസ്. ഇതുവരെ 15 ടെസ്റ്റിൽ 3.29 ഇക്കണോമിയിൽ 46ഉം 20 ഏകദിനങ്ങളിൽ 4.72 ഇക്കണോമിയിൽ 37ഉം എട്ട് ട്വന്റി20 മത്സരങ്ങളിൽ 9.18 ഇക്കണോമിയിൽ 11ഉം വിക്കറ്റ്. ടീമിന്റെ നെടുന്തൂണായ പേസർ മുഹമ്മദ് ഷമി കഴിഞ്ഞ നാല് മത്സരങ്ങളിൽ വീഴ്ത്തിയത് നാല് വിക്കറ്റ് മാത്രം, സിറാജ് 13ഉം.
ബൗളിങ് മികവിനുള്ള അംഗീകാരമായി സിറാജിന്റെ പുതിയ ഐ.സി.സി ഏകദിന റാങ്കിങ്. 13 സ്ഥാനം മുന്നേറി കരിയർ ബെസ്റ്റായ മൂന്നാം റാങ്കിലെത്തിയിട്ടുണ്ട്. ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാരനും സിറാജാണ്. മണിക്കൂറിൽ 150 കിലോമീറ്ററിന് മുകളിൽ പന്തെറിയുന്ന ബൗളർമാർ ഇന്ത്യൻ ടീമിലുണ്ട്.
പക്ഷേ, റൺ വഴങ്ങാതിരിക്കുന്നതിലും വിക്കറ്റുകൾ വീഴ്ത്തുന്നതിലും സിറാജിനുള്ള മിടുക്കാണ് സ്ഥാനം സുരക്ഷിതമാക്കുന്നത്. അടുത്ത മൂന്നോ നാലോ വർഷങ്ങൾ സിറാജായിരിക്കും ഇന്ത്യയുടെ പേസ് ബൗളിങ് ഡിപ്പാർട്മെന്റ് ഭരിക്കുകയെന്ന് ഇതിൽ നിന്ന് വ്യക്തം.
Vs ന്യൂസിലൻഡ് 46/4 (ഏകദിനം)
Vs ശ്രീലങ്ക 32/4 (ഏകദിനം)
Vs ശ്രീലങ്ക 30/3 (ഏകദിനം)
Vs ശ്രീലങ്ക 30/2 (ഏകദിനം)
Vs ബംഗ്ലാദേശ് 80/2 (ടെസ്റ്റ്)
Vs ബംഗ്ലാദേശ് 87/4 (ടെസ്റ്റ്)
Vs ബംഗ്ലാദേശ് 27/1 (ഏകദിനം)
Vs ബംഗ്ലാദേശ് 73/2 (ഏകദിനം)
Vs ബംഗ്ലാദേശ് 32/3 (ഏകദിനം)
Vs ന്യൂസിലൻഡ് 17/4 (ട്വന്റി20)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.