പോയിന്റ് പട്ടികയിൽ പിന്നിലായാലെന്താ? ഒന്നാം സ്ഥാനക്കാരെ തകർത്ത് മുംബൈ ഇന്ത്യൻസ്

മുംബൈ: പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും അവസാന സ്ഥാനക്കാരും തമ്മിലായിരുന്നു വെള്ളിയാഴ്ചത്തെ ഐ.പി.എൽ പോരാട്ടം. അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തിന് ഒടുവിൽ വിജയം പത്താം സ്ഥാനക്കാർ നേടി. ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു റൺസിനാണ് മുംബൈ ഇന്ത്യൻസ് കീഴടക്കിയത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ രണ്ടാം ജയമാണിത്. ആദ്യം ബാറ്റുചെയ്ത് ആറിന് 177 റൺസെടുത്ത മുംബൈ ഗുജറാത്തിനെ അഞ്ചിന് 172ൽ ഒതുക്കുകയായിരുന്നു.

ഫോമിലുള്ള രാഹുൽ തെവാത്തിയയും ഡേവിഡ് മില്ലറും ക്രീസിലുള്ളപ്പോൾ ഗുജറാത്തിന് അവസാന ഓവറിൽ ജയിക്കാൻ ഒമ്പത് റൺസ് മതിയായിരുന്നു. എന്നാൽ, ഇടംകൈയ്യൻ പേസർ ഡാനിയൽ സാംസ് വഴങ്ങിയത് മൂന്നു റൺസ് മാത്രം. അതിനിടെ തെവാത്തിയ റണ്ണൗട്ടാവുകയും ചെയ്തു. ആറു റൺസ് വേണ്ടിയിരിക്കെ അവസാന രണ്ടു പന്തും മില്ലർക്ക് തൊടാനാവാതിരിക്കുക കൂടി ചെയ്തതോടെ മുംബൈക്ക് ജയം.

നേരത്തേ, ഇഷാൻ കിഷൻ (29 പന്തിൽ 45), ടിം ഡേവിഡ് (21 പന്തിൽ 44 നോട്ടൗട്ട്), നായകൻ രോഹിത് ശർമ (28 പന്തിൽ 43) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഫോമിലുള്ള തിലക് വർമയും (16 പന്തിൽ 21) സൂര്യകുമാർ യാദവും (11 പന്തിൽ 13) വേണ്ടത്ര തിളങ്ങാതിരുന്നത് മുംബൈ കുതിപ്പിന് തടസ്സമായി. കീറൺ പൊള്ളാർഡ് (14 പന്തിൽ 4) തപ്പിത്തടയൽ തുടർന്നതും മുംബൈയെ ബാധിച്ചു.

രോഹിതും കിഷനും തകർപ്പൻ തുടക്കമാണ് ടീമിന് നൽകിയത്. മുൻ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ടിരുന്ന ഇരുവരും ഇത്തവണ തുടക്കത്തിലേ കത്തിക്കയറി. രോഹിത് രണ്ടു സിക്സും അഞ്ചു ഫോറും കിഷൻ ഒരു സിക്സും അഞ്ചും ഫോറും പായിച്ചപ്പോൾ സ്കോർ ഏഴു ഓവറിൽ 70 കടന്നു.

ഒടുവിൽ റിവേഴ്സ് സ്വീപിനുള്ള ശ്രമത്തിൽ രോഹിതിനെ വിക്കറ്റിനുമുന്നിൽ കുടുക്കി റാഷിദ് ഖാൻ ആണ് ഗുജറാത്തിന് ബ്രേക്ക്ത്രൂ നൽകിയത്. അവസാനഘട്ടത്തിൽ ഡേവിഡിന്റെ തകർപ്പനടികളാണ് മുംബൈക്ക് തുണയായത്. നാലു സിക്സും രണ്ടു ബൗണ്ടറിയും പായിച്ച ഡേവിഡ് സ്കോർ 175 കടത്തി. 11 മത്സരങ്ങളിൽനിന്ന് എട്ട് ജയവും 3 തോൽവിയുമായി 16 പോയിന്റോടെ ഗുജറാത്ത് ടൈറ്റൻസാണ് ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങളിൽനിന്ന് 4 പോയിന്റ് മാത്രം നേടിയ മുംബൈ പത്താം സ്ഥാനത്തുമാണ്. 

Tags:    
News Summary - Mumbai Indians beat gujrat titans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.