ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ മുംബൈ ഇന്ത്യൻസിന്‍റെ മുഴുവൻ വിദേശ കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും സുരക്ഷിതരായി അവരുടെ ലക്ഷ്യ സ്ഥാനത്തെത്തി. ന്യൂസിലൻഡ് താരങ്ങളായ ട്രെന്‍റ് ബോൾട്ടും ജിമ്മി നീഷാമും മറ്റ് സ്റ്റാഫുകളുടെ കൂടെ ഓക്ലൻഡിലെത്തി. യാത്രവിലക്കിനെ തുടർന്ന് ആസ്ട്രേലിയൻ താരങ്ങൾ നേരത്തെ മാലദ്വീപിലെത്തി ക്വാറന്‍റീനിൽ കഴിയുകയാണ്. കോച്ച് മഹേല ജയവർധനയും അവർക്കൊപ്പമുണ്ട്.
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്‍റൻ ഡികോക്കും ഫാസ്റ്റ് ബൗളർ മാർകോ ജാൻസനും ജൊഹനാസ്ബർഗിൽ വിമാനമിറങ്ങി. വിൻഡീസ് ഓൾറൗണ്ടറായ കീറൻ പൊള്ളാഡ് ചാർേട്ടഡ് വിമാനത്തിൽ ട്രിനിഡാഡിലെത്തി.
തങ്ങളുടെ ടീമിലെ വിദേശ താരങ്ങളെ പ്രത്യേക ചാർേട്ടഡ് വിമാനങ്ങളിൽ നാട്ടിലെത്തിക്കുമെന്ന് മുംബൈ ഇന്ത്യൻസ് നേരത്തെ അറിയിച്ചിരുന്നു. സർക്കാറിന്‍റെ നിയന്ത്രണങ്ങളെ തുടർന്ന് മാലദ്വീപിൽ 14 ദിവസം ക്വാറന്‍റീനിൽ കഴിയുന്ന ആസ്ട്രേലിയൻ താരങ്ങൾക്കുള്ള സൗകര്യങ്ങളും ടീമാണ് ഒരുക്കുന്നത്. മേയ് 15 വരേയാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ആസ്ട്രേലിയ വിലക്കേർപ്പെടുത്തിയത്.
ഇന്ത്യൻ താരങ്ങളെ പ്രത്യേക വിമാനങ്ങളിൽ സ്വന്തം നാട്ടിലെത്തിച്ചതായി ടീം നേരത്തെ വ്യക്തമാക്കിയിരുന്നു.
വിവിധ ടീമുകളിലെ താരങ്ങൾക്കും സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ചേർന്ന അടിയന്തര ഐ.പി.എൽ ഗവേണിങ് കൗൺസിൽ യോഗം ടൂർണമെന്‍റ് അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.