കൊളംബോ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ തോറ്റതോടെ ഇന്ത്യൻ ടീമിലെ മുംബൈ ഇന്ത്യൻസ് താരങ്ങൾക്കെതിരെ ആരാധകരോഷം. ‘മുംബൈ ലോബി’ തോറ്റു എന്ന തരത്തിലായിരുന്നു ആരാധകരുടെ പരിഹാസം. ശ്രീലങ്കക്കെതിരായ മത്സരത്തില്‍നിന്ന് അഞ്ച് മാറ്റങ്ങളുമായി ഇന്ത്യ ഇറങ്ങിയപ്പോള്‍ ടോപ് ഓര്‍ഡറില്‍ എത്തിയത് നാല് മുംബൈ ഇന്ത്യന്‍സ് താരങ്ങളായിരുന്നു. വിരാട് കോഹ്‍ലിക്ക് പകരം ഏകദിന ലോകകപ്പ് ടീമിൽ ഇല്ലാത്ത തിലക് വര്‍മക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചപ്പോള്‍ സൂര്യകുമാര്‍ യാദവും പ്ലേയിങ് ഇലവനിലെത്തി. ക്യാപ്റ്റൻ രോഹിത് ശർമയും വിക്കറ്റ് കീപ്പർ ഇഷാൻ കിഷനുമായിരുന്നു മറ്റു മുംബൈ ഇന്ത്യൻസ് താരങ്ങൾ. അതേസമയം, മറ്റൊരു മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകുകയും ചെയ്തിരുന്നു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിൽ പതറിയെങ്കിലും 265 റണ്‍സിലെത്തിപ്പോൾ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചില്‍ ഇന്ത്യ പാടുപെടുമെന്ന് ഉറപ്പായിരുന്നു. ആദ്യ ഓവറില്‍ തന്നെ രണ്ട് പന്ത് നേരിട്ട് പൂജ്യനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. വണ്‍ ഡൗണായി ക്രീസിലെത്തിയ തിലക് വര്‍മ ലീവ് ചെയ്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങി. അഞ്ച് റണ്‍സായിരുന്നു താരത്തിന്റെ സംഭാവന. ഇഷാന്‍ കിഷൻ തുടര്‍ച്ചയായ എട്ട് ഡോട്ട് ബാളുകള്‍ കളിച്ചശേഷം സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പാടുപെട്ട് ഒടുവില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അഞ്ച് റണ്‍സായിരുന്നു കിഷന്‍റെയും സംഭാവന. ആറാം നമ്പറിലിറങ്ങിയ സൂര്യകുമാര്‍ യാദവ് 34 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.
ടോപ് ഓര്‍ഡറില്‍ ആദ്യ ആറില്‍ ഇറങ്ങിയ നാല് മുംബൈ ഇന്ത്യന്‍സ് താരങ്ങളും നിരാശപ്പെടുത്തിയതോടെ കടുത്ത വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയര്‍ന്നത്. മുംബൈ ലോബിയിലെ ഒരൊറ്റ താരം പോലും നന്നായി കളിച്ചില്ലെന്നായിരുന്നു വിമർശനങ്ങളിലൊന്ന്. കോഹ്‍ലിയെ പുറത്തിരുത്തിയതിലും ആരാധകരുടെ രോഷം ‘മുംബൈ ലോബി’ക്കെതിരെയായിരുന്നു. ബി.സി.സി.ഐയും മുംബൈ ലോബി മാനേജ്മെന്റും ചേർന്ന് സച്ചിൻ തെണ്ടുൽക്കറുടെ റെക്കോഡ് സംരക്ഷിക്കാൻ ആഞ്ഞുശ്രമിക്കുന്നുവെന്നായിരുന്നു വിമർശനം. ‘മുംബൈ ഇന്ത്യന്‍സ് ആള്‍ ഔട്ട്’ എന്നും പരിഹാസമുണ്ടായി. മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞ് തിലക് വര്‍മക്കും സൂര്യകുമാറിനും അവസരം നല്‍കിയത് മുംബൈ ലോബിയുടെ കളിയാണെന്നും ഇപ്പോള്‍ എന്തായെന്നും ആരാധകര്‍ ചോദിച്ചു.
ഏഷ്യാ കപ്പ് ടീമിനെ തെരഞ്ഞെടുത്തപ്പോൾ തന്നെ മുംബൈ ലോബി ഇന്ത്യൻ ക്രിക്കറ്റിനെ നശിപ്പിക്കുകയാണെന്ന തരത്തിൽ ആരാധകർ വിമർശനം ഉയർത്തിയിരുന്നു. മുംബൈ ഇന്ത്യൻസിലെ അഞ്ച് താരങ്ങളാണ് ടീമിൽ ഇടം പിടിച്ചിരുന്നത്. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ, തിലക് വർമ എന്നിവരായിരുന്നു അത്. ഇവർക്ക് പുറമെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി കളിക്കുന്ന ശ്രേയസ് അയ്യരുമുണ്ട്. മുഖ്യ സെലക്ടറായ അജിത് അഗാർക്കറും കളിച്ചിരുന്നത് മുംബൈക്ക് വേണ്ടിയായിരുന്നെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നത്.
സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ ഇന്ത്യന്‍ ബാറ്റിങ് നിര നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും അവസാന ഘട്ടത്തിൽ അടിച്ചു കളിച്ച അക്സർ പട്ടേലും മാത്രമായിരുന്നു തിളങ്ങിയത്. മത്സരത്തിൽ ആറ് റൺസിനായിരുന്നു ഇന്ത്യയുടെ പരാജയം. ഇന്ത്യ നേരത്തെ ഫൈനലിലെത്തുകയും ബംഗ്ലാദേശ് പുറത്താവുകയും ചെയ്തിരുന്നതിനാൽ മത്സരഫലം നിർണായകമായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.