'ദേഹത്ത് ടാറ്റൂ വേണം, നടികളുമായി ബന്ധം വേണം, എങ്കിലേ ഇന്ത്യൻ ടീമിൽ അവസരമുള്ളൂ'; രൂക്ഷവിമർശനവുമായി മുൻ താരം

ന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം സുബ്രമണ്യം ബദരീനാഥ്. ദേഹത്ത് ടാറ്റൂ പതിപ്പിച്ച, നടികളുമായി ബന്ധമുള്ള കളിക്കാർക്കേ ടീമിൽ അവസരം ലഭിക്കുകയുള്ളൂവെന്ന് താരം പരിഹസിച്ചുകൊണ്ട് പറഞ്ഞു. മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്ക്വാദിനെ ശ്രീലങ്കക്കെതിരായ ഏകദിന-ട്വന്‍റി20 പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.

'ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ നിങ്ങൾക്ക് ഒരു 'ബാഡ് ഗയ്' ഇമേജ് ആവശ്യമാണെന്ന് തോന്നിപ്പോകുന്നു. റിങ്കു സിങ്ങിനെയും ഋതുരാജിനെയും പോലുള്ളവർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നില്ല. ബോളിവുഡ് നടിമാരുമായി ബന്ധം വേണം, ദേഹം നിറയെ ടാറ്റൂ വേണം, മീഡിയ മാനേജർ വേണം. ഇതൊക്കെയുള്ളവർക്കേ ടീമിൽ സ്ഥാനമുള്ളൂ' -താരം സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു.

സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് എന്നിവർ ടീമിലേക്കു തിരിച്ചെത്തിയതോടെയാണ് ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 ടീമിൽനിന്ന് ഋതുരാജ് ഗെയ്ക്‌വാദ് പുറത്തായത്. സിംബാബ്‍വെയ്ക്കെതിരായ ട്വന്‍റി20 പരമ്പരയിൽ ഗെയ്‍ക്‌വാദ് മൂന്നു മത്സരങ്ങളിൽനിന്ന്, ഏഴ്, 77, 49 എന്നിങ്ങനെ സ്കോർ നേടി മികവ് കാട്ടിയിരുന്നു.

ടീമിനെ പ്രഖ്യാപിച്ചത് മുതൽ വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നിരുന്നു. ഹാർദിക് പാണ്ഡ്യയെയും സഞ്ജു സാംസണെയും ഏകദിന ടീമിൽനിന്ന് ഒഴിവാക്കിയതും ട്വന്റി 20യിൽ ഹാർദികിനെ തഴഞ്ഞ് സൂര്യകുമാർ യാദവിനെ നായകനാക്കിയതും സിംബാബ്​‍വെ പര്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമയെ തഴഞ്ഞതും ചർച്ചയായി. ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവരും ടീം സെലക്ഷനെതിരെ വിമർശനമുയർത്തി.

ഏകദിന ടീമിനെ രോഹിത് ശർമയും ട്വന്റി 20 ടീമിനെ സൂര്യകുമാർ യാദവുമാണ് നയിക്കുന്നത്. രോഹിത് ശർമ ട്വന്റി 20യിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഹാർദിക് പാണ്ഡ്യയാണോ സൂര്യയാണോ അടുത്ത നായകനെന്ന സസ്​പെൻസിന് ഇതോടെ വിരാമമായിരുന്നു. ഇരു ഫോർമാറ്റിലും ശുഭ്മൻ ഗിൽ ആണ് വൈസ് ക്യാപ്റ്റൻ. ട്വന്റി 20യിൽ വിക്കറ്റ് കീപ്പർമാരായി ഋഷബ് പന്തും സഞ്ജു സാംസണും ടീമിലുണ്ട്. അതേസമയം, ഏകദിനത്തിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ മറ്റൊരു വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത് കെ.എൽ രാഹുലാണ്.

ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ.എൽ രാഹുൽ, ഋഷബ് പന്ത്, ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, ​മുഹമ്മദ് സിറാജ്, വാഷിങ്ടൺ സുന്ദർ, അർഷ്ദീപ് സിങ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹ്മദ്, ഹർഷിത് റാണ.

ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിങ്, റിയാൻ പരാഗ്, ഋഷബ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്, ഖലീൽ അഹ്മദ്, മുഹമ്മദ് സിറാജ്. 

Tags:    
News Summary - Need Bad Guy Image': S Badrinath Says Indian Cricketers Need Certain Qualities To Be Selected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.