പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ കുറ്റക്കാരൻ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നേപ്പാൾ ക്രിക്കറ്റ് ടീം മുൻ നായകൻ സന്ദീപ് ലാമിച്ചനെ കുറ്റക്കാരനെന്ന് കാഠ്മണ്ഡു ജില്ല കോടതി കണ്ടെത്തി. അടുത്ത വർഷം ജനുവരി 10ന് കേസിൽ ശിക്ഷ വിധിക്കും. കോടതി വിധിക്കു പിന്നാലെ ജാമ്യത്തിലുള്ള 23കാരനായ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

സെപ്റ്റംബറിലെ ഏഷ്യ കപ്പിൽ നേപ്പാൾ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായിരുന്നു സന്ദീപ്. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലിൽവെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. പെൺകുട്ടിയുടെ പരാതിയിൽ കാഠ്മണ്ഡു ജില്ല അറ്റോർണി ജനറലാണ് കേസ് ഫയൽ ചെയ്തത്. അറസ്റ്റിലായ സന്ദീപ് ജനുവരിയിൽ ജാമ്യത്തിലിറങ്ങി. എന്നാൽ, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി സെപ്റ്റംബറിൽ ഹരജി നൽകിയെങ്കിലും പരിഗണിക്കുന്നത് നീട്ടിവെച്ചു.

ഇതോടെയാണ് താരത്തിന് ഏഷ്യ കപ്പ് ടീമിൽ കളിക്കാൻ അവസരം ഒരുങ്ങിയത്. ഒക്ടോബറിലാണ് കുറ്റപ്പത്രം സമർപ്പിക്കുന്നത്. പിന്നാലെ താരത്തിന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതോടെ താരത്തിന്‍റെ ക്രിക്കറ്റ് കരിയറിനും അവസാനമാകും. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ സന്ദീപ് നേപ്പാളിനുവേണ്ടി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2018ലാണ് നേപ്പാളിനായി അരങ്ങേറ്റം കുറിക്കുന്നത്. നേപ്പാളിനായി അതിവേഗത്തിൽ നൂറു വിക്കറ്റ് നേട്ടം കൈവരിച്ച താരമാണ്.

42 മത്സരങ്ങളിലാണ് ഈ നേട്ടത്തിലെത്തിയത്. 2018 മുതൽ 2020 വരെ ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് ടീമിലുണ്ടായിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന് വിലക്കേർപ്പെടുത്തിയേക്കും.

Tags:    
News Summary - Nepal Court Indicts Sandeep Lamichhane Guilty For Raping A Minor Girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.