ആംസ്റ്റർഡാം: നാട്ടിന്‍പുറങ്ങളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിച്ചിട്ടുണ്ടോ? മത്സരം ഒരിക്കലും നിശ്ചിത സമയത്ത് പൂര്‍ത്തിയാകില്ല. സിക്‌സറിലേക്ക് പറന്ന പന്തുകള്‍ പലതും കാണാതെ പോകും. ചിലത് തിരഞ്ഞ് കണ്ടുപിടിക്കാന്‍ തന്നെ വേണം കുറേ സമയം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്തരമൊരു സീന്‍ ഒന്നാലോചിച്ചു നോക്കൂ. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെ, പന്ത് പൊന്തക്കാട്ടിലേക്ക് പോകുന്നതും ഫീല്‍ഡിങ് ടീം പന്ത് തിരയാന്‍ കാട്ടിലേക്ക് പോകുന്നതും. അതേ, ആ സീന്‍ യാഥാര്‍ഥ്യമായി കഴിഞ്ഞ ദിവസം. ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് മത്സരത്തിലായിരുന്നു സംഭവം.
നെതര്‍ലന്‍ഡ്‌സിലെ അമ്‌സ്റ്റല്‍വീന്‍ വി.ആര്‍.എ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് ചുറ്റിലും പച്ചപ്പാണ്. അസ്സൽ പൊന്തക്കാടുകള്‍! ഇംഗ്ലണ്ട് ബാറ്റര്‍ ഡേവിഡ് മലാന്‍ ഒമ്പതാം ഓവറില്‍ ഒരു സിക്‌സര്‍ പറത്തിയപ്പോള്‍ ഈ കാടുകളിലായിരുന്നു തിരയിളക്കം. മത്സരം കണ്ടാരാഷ്ട്രമായി മാറിയെന്ന് ചുരുക്കം! ഇടംകൈയ്യന്‍ ഡച്ച് സ്പിന്നര്‍ പീറ്റര്‍ സീലാറിനെതിരെ ആയിരുന്നു മലാന്റെ കാടിളക്കി സിക്‌സര്‍. ആ പന്ത് കണ്ടെത്താന്‍ ഓരോ ഡച്ച് താരങ്ങളായി കാട്ടിനുള്ളിലേക്കിറങ്ങി. മത്സരം സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന കാമറാ സംഘവും പന്ത് തേടി കാട്ടിലേക്കിറങ്ങിയതോടെ സംഗതി ബഹുകേമം. ഇങ്ങനെ, ഒരു തവണയൊന്നുമല്ല പന്ത് കണ്ടം കടന്നത്.
ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. വെടിക്കെട്ട് ഓപ്പണര്‍ ജാസന്‍ റോയിയെ ഒരു റണ്‍സിന് പുറത്താക്കിയ ഷെയിന്‍ സ്‌നേറ്റര്‍ ഡച്ചിന് ആഹ്ലാദിക്കാന്‍ വഴിയൊരുക്കി. പിന്നീട് ഡച്ച് ടീം ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ ചൂടറിഞ്ഞു. മുപ്പത് ഓവര്‍ ആകുമ്പോഴേക്കും ഡേവിഡ് മലാനും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് 222 റണ്‍സ് സഖ്യമുണ്ടാക്കി. രണ്ട് പേരും സെഞ്ചുറി നേടി. സാള്‍ട്ട് 93 പന്തുകളില്‍ 122 റണ്‍സടിച്ചപ്പോള്‍ മലാന്‍ 91 പന്തിലാണ് മൂന്നക്ക സ്‌കോര്‍ കണ്ടെത്തിയത്. പിന്നീട് ജോസ് ബട്‍ലറും (70പന്തിൽ 162 നോട്ടൗട്ട്) ലിവിങ്സ്റ്റണും (22 പന്തിൽ 66 നോട്ടൗട്ട്) നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് 498 റൺസെന്ന റെക്കോഡ് സ്കോർ പടുത്തുയർത്തുകയായിരുന്നു. നെതർലൻഡ്ഡ് 266 റൺസിന് പുറത്തായതോടെ മത്സരത്തിൽ സന്ദർശകർ 232 റൺസിന്റെ വമ്പൻ ജയം സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലീഷ് ബാറ്റർമാരുടെ സംഹാരതാണ്ഡവത്തിൽ മൊത്തം പിറന്ന 26 സിക്സറുകളിൽ പലതും കളത്തിനുപുറത്തെ കാട്ടിലേക്ക് പറന്നതോടെയാണ് കളി വൈകിയത്. നെതര്‍ലന്‍ഡ്‌സില്‍ പര്യടനം നടത്തുന്ന ഇംഗ്ലണ്ട് മൂന്ന് ഏകദിന മത്സരങ്ങളാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.